ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റിസോർട്ട് ദുബായിൽ

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റിസോർട്ട് ദുബായിൽ നിർമ്മിക്കുമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033 ൻ്റെ ഭാഗമായ ‘തെർമെ ദുബായ്’ എന്ന് പേരിട്ടിരിക്കുന്ന റിസോർട്ടിന്റെ ഉയരം 100 മീറ്റർ ആയിരിക്കും. 2028ൽ റിസോർട്ട് തുറന്നു പ്രവർത്തിക്കും.

റിസോർട്ടിന്റെ നിർമാണത്തിന് ദുബായ് 2 ബില്യൺ ദിർഹം നീക്കിവയ്ക്കും. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ബൊട്ടാണിക്കൽ ഗാർഡൻ ഉൾപ്പെടുന്ന റിസോർട്ട് പ്രതിവർഷം 1.7 ദശലക്ഷം സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ. ഒരു മിഷെലിൻ-സ്റ്റാർ റെസ്റ്റോറൻ്റ്, വെള്ളച്ചാട്ടങ്ങൾ, 4,500 ചതുരശ്ര മീറ്റർ ഇൻഡോർ, ടെറസ് സ്വിമ്മിംഗ് പൂളുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. 15 വാട്ടർ സ്ലൈഡുകളും അനുഭവ സമ്പന്നമായ ആർട്ട് ഇൻസ്റ്റാളേഷനുകളും ഉള്ള ഒരു കളിസ്ഥലം ഉൾപ്പടെ ഈ പ്രോജക്റ്റിൽ അവതരിപ്പിക്കും.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ദീർഘ വീക്ഷണത്തോടെ 2024 മെയ് മാസത്തിൽ, ജീവിത നിലവാരം 2033 എന്ന പദ്ധതിയുമായി ദുബായ് തങ്ങളുടെ സമൂഹത്തിൻ്റെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പുതിയ അധ്യായത്തിനു തുടക്കം കുറിച്ചിരുന്നു എന്ന് ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേർത്തു.

