ഡൽഹിക്ക് ആശ്വാസമായി യമുനയിൽ ജലനിരപ്പ് കുറയുന്നു

ന്യൂഡൽഹി: ഡൽഹിക്ക് ആശ്വാസമായി യമുനയിൽ ജലനിരപ്പ് കുറയുന്നു. ഹരിയാനയിൽ മഴ കുറഞ്ഞതും അണക്കെട്ടുകളിൽ നിന്നുള്ള ജലമൊഴുക്ക് കുറഞ്ഞതുമാണ് അനുകൂലമായത്. ജലനിരപ്പ് നിലവിൽ 205.46 മീറ്ററിനു താഴെ എത്തിയിരുന്നു. ചൊവ്വ വൈകിട്ട് ഡൽഹിയിൽ ശക്തമായ മഴ പെയ്‌തിട്ടുണ്ട്. റോഡുകളിൽനിന്ന് വെള്ളം പിൻവാങ്ങിയതോടെ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങി.

ഐടിഒ വഴി വാഹനങ്ങൾ ഓടിത്തുടങ്ങി. ചെളിയുള്ളതിനാൽ അപകടസാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഭാരവാഹനങ്ങൾക്കുള്ള വിലക്കും സർക്കാർ പിൻവലിച്ചു. ഐടിഒയിൽ തകരാറിലായിരുന്ന ബാരേജുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി തുറന്നു. അതിനിടെ ഉത്തരാഖണ്ഡിൽ ശക്തമായി മഴ തുടരുകയാണ്.


മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ദുരന്ത നിവാരണ കൺട്രോൾ റൂം സന്ദർശിച്ചു. മഴയും മണ്ണിടിച്ചിലുംമൂലം പാളം തകർന്ന കൽക്ക – ഷിംല റൂട്ടിലെ ട്രെയിൻ സർവീസുകൾ ആഗസ്‌ത് ആറുവരെ നിർത്തിലാക്കി. ഉത്തരാഖണ്ഡ്, ഹിമാചൽ, ഗുജറാത്ത്, ഛത്തീസ്ഗഢ്, തെലങ്കാന, ഒഡിഷ എന്നിവിടങ്ങളിൽ അടുത്ത അഞ്ചു ദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ട്.

