താലൂക്കാശുപത്രിയിലെ വാർഡിനുപുറത്ത് വേസ്റ്റിന് തീയിട്ടത് രോഗികളെ ഭീതിയിലാക്കി

കൊയിലാണ്ടി താലൂക്കാശുപത്രി കെട്ടിടത്തിനോട് ചേർന്ന് സ്വകാര്യ വ്യക്തികൾ വേസ്റ്റിന് തീയിട്ടത് രോഗികളെ ഭീതിയിലാക്കി. തീയും പുകപടലവും അകത്ത് കടന്നതോടെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അസ്വസ്തതയുണ്ടാകുകയും ചെയ്തു. ഡയാലിസിസ് ചെയ്യുന്ന രോഗികൾ ഉൾപ്പെടെ ഈ കൊടും ക്രൂരതയ്ക്ക് ഇരയായിരിക്കുകയാണ്. ഇന്ന് സന്ധ്യക്ക് മുമ്പാണ് സംഭവം. ആശുപത്രിക്ക് പിറകിലുള്ള (പടിഞ്ഞാറ് ഭാഗം) ചില സ്വകാര്യ സ്ഥാപനത്തിലുള്ളവരാണ് ഇത്തരത്തിൽ ചെയ്തതെന്ന് രോഗികളും ആശുപത്രി ജീവനക്കാരും പറഞ്ഞു.

ആശുപത്രി മതിലിനോട് ചേർന്നാണ് ഇവർ തീയിട്ടത്. ഏറെ നേരം ആളി കത്തിയതോടെ ആശുപത്രി പരിസരത്തും മുകളിലത്തെ നിലയിലേക്കും പുകപടരുകയായിരുന്നു. ഇവിടെ വേസ്റ്റിന് തീയിടുന്നത് പതിവായിരിക്കുകയാണെന്ന് ജീവനക്കാർ പറയുന്നു. ചില ലാബുകളിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചാക്കിൽ നിറച്ച് ആശുപത്രി പരിസരത്തെത്തിച്ചാണ് സ്ഥിരമായി തീയിടുന്നത്. നഗരസഭ അടിയന്തരമായി ഇടപെട്ട് കർശന നടപടി സ്വീകരിക്കണമെന്ന് രോഗികളും ബന്ധുക്കളും ആവശ്യപ്പെട്ടു.

