KOYILANDY DIARY.COM

The Perfect News Portal

പിണറായി സര്‍ക്കാരും കോണ്‍ഗ്രസും കേരളത്തിലെ തീവ്രവാദത്തെ നോര്‍മലൈസ് ചെയ്യുന്നുവെന്ന് വീണ്ടും കേന്ദ്ര മന്ത്രിയുടെ ആക്ഷേപം

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വീണ്ടും ആക്ഷേപവുമായി രംഗത്ത്. കളമശേരി സ്‌ഫോടനത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായാണ് രാജീവ് ചന്ദ്രശേഖര്‍ കേരളത്തില്‍ തീവ്രവാദ ശക്തികള്‍ സജീവമാണെന്നും താന്‍ പറഞ്ഞത് ഹമാസിനെക്കുറിച്ചും ഹമാസ് അനുകൂലികളെക്കുറിച്ചുമാണെന്നും പറഞ്ഞായിരുന്നു മറുപടി. പിണറായി സര്‍ക്കാരും കോണ്‍ഗ്രസും കേരളത്തിലെ തീവ്രവാദത്തെ നോര്‍മലൈസ് ചെയ്യുന്നുവെന്ന് പറഞ്ഞ് സംസ്ഥാനത്തെ വീണ്ടും അധിക്ഷേപിച്ച കേന്ദ്രമന്ത്രി കേരളത്തിലെ യുവാക്കളില്‍ തീവ്രവാദ പ്രവണത വളരുകയാണെന്നും കുറ്റപ്പെടുത്തി. 

ഇലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഈ കേസിലെ പ്രതിയ്ക്ക് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇതിനെ ഗൗരവത്തോടെ സര്‍ക്കാര്‍ കണ്ടില്ല. കഴിഞ്ഞ ദിവസം ഹമാസ് നേതാവിനെ യുവാക്കളോട് തടസമില്ലാതെ സംസാരിക്കാന്‍ അനുവദിച്ചതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു തന്റെ പ്രതികരണമെന്ന് രാജീവ് ചന്ദ്രശേഖര്‍ വിശദീകരിച്ചു.പിണറായിയുടെ കേരളത്തില്‍ തീവ്രവാദ ശക്തികള്‍ സജീവമാണെന്നും ഹമാസ് അനുകൂലികള്‍ക്ക് ഇവിടെ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കളമശേരി സംഭവത്തില്‍ ഞാന്‍ ഒരു വിഭാഗത്തേയും പരാമര്‍ശിച്ചില്ല. ഹമാസിനെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. എം കെ മുനീറും എം സ്വരാജും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഹമാസ് അനുകൂലികളാണ്. ഇവര്‍ ഹമാസിന്റെ തീവ്രവാദത്തെ നോര്‍മലൈസ് ചെയ്യാന്‍ ശ്രമിച്ചു. ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ വര്‍ഗീയവാദികളും പിണറായി ഹീറോയും ആയി മാറുന്നു. തീവ്രവാദികളെ ചൂണ്ടിക്കാട്ടുന്നത് വര്‍ഗീയവാദമല്ല അത് രാജ്യത്തെ പൗരന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

കേരളത്തില്‍ നിന്ന് നിരവധി പേര്‍ ഐഎസില്‍ ചേരാന്‍ പോകുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. വര്‍ഗീയ വിഷമെന്ന് ഇതുവരെ തന്നെക്കുറിച്ച് ആരും പറഞ്ഞിട്ടില്ല. താനാണോ പിണറായി വിജയനാണോ കൂടുതല്‍ മതേതരനെന്നും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സൗഹൃദം പുലര്‍ത്തിയിട്ടുള്ളതാരാണെന്നും കണ്ടെത്താന്‍ താന്‍ വെല്ലുവിളിക്കുന്നു. ഡൊമിനിക് മാര്‍ട്ടിന്‍ കുറ്റസമ്മതം നടത്തിയത് കോണ്‍ഗ്രസിനും മറ്റുചില പാര്‍ട്ടികള്‍ക്കും ആഘോഷമായിരുന്നു. ഞങ്ങള്‍ അത്തരത്തിലുള്ള മത്സരത്തിനൊന്നുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Share news