KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങും തിരിച്ചെത്തി

തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങും തിരിച്ചെത്തി. കെ എസ് ഇ ബിയുടെ സഹായത്തോടെയാണ് മരത്തിനുമുകളിലെ മൂന്നാമത്തെ കുരങ്ങിനെ പിടികൂടാനായത്. ഇവയെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റുമെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി. ഇന്നലെ ചാടിപ്പോയ രണ്ട് കുരങ്ങുകൾ തിരികെ കൂട്ടിൽ എത്തിയിരുന്നു.

ഭക്ഷണവും ഇണയെയും കാണിച്ച് അനുനയിപ്പിച്ചാണ് രണ്ടുപേരെ കൂട്ടിൽ കയറ്റിയതെന്ന് മൃഗശാല അധികൃതർ അറിയിച്ചു. മൂന്നാമനെ നിരീക്ഷിക്കാൻ നാല് ജീവനക്കാരെയും അധികൃതർ നിയോഗിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് മൃഗശാലയിൽ നിന്നും മൂന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയത്. മൃഗശാല പരിസരത്തെ മരത്തിനു മുകളിലാണ് ഇവ ഉണ്ടായിരുന്നത്. മാസങ്ങൾക്കു മുൻപ് മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച ഹനുമാൻ കുരങ്ങും ഇത്തവണ ചാടിപ്പോയ മൂന്ന് ഹനുമാൻകുരങ്ങുകളുടെ കൂട്ടത്തിലുണ്ടായിരുന്നു.

 

അതേസമയം, മൃഗശാലയിലെ സന്ദർശക കൂട്ടിലേക്ക് മാറ്റുന്ന ട്രയൽ നടത്തുന്ന സമയത്താണ് നേരത്തെ ഹനുമാൻ കുരങ്ങ് ചാടിപ്പോയ സംഭവം ഉണ്ടായത്. ക്വാറൻ്റീനിൽ പാർപ്പിച്ചിരുന്ന കൂട്ടിൽ നിന്നും സന്ദർശക കൂട്ടിലേക്ക് മാറ്റുന്നതിനിടയിൽ കുരങ്ങ് ഞൊടിയിടയിൽ കടന്നുകളയുകയായിരുന്നു. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജി പാർക്കിൽ നിന്ന് എത്തിച്ചവയായിരുന്നു ഇത്.

Advertisements
Share news