KOYILANDY DIARY.COM

The Perfect News Portal

സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സുപ്രീംകോടതിയെ അറിയിക്കും; അന്വേഷണ സംഘം

കൊച്ചി: സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. ഇനി കോടതി വഴി നീങ്ങാന്‍ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സുപ്രീം കോടതിയെ അന്വേഷണ സംഘം അറിയിക്കും. കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാവില്ല എന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യല്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.വിശദമായ ചോദ്യം ചെയ്യല്‍ കസ്റ്റഡിയില്‍ ലഭിച്ച ശേഷം മാത്രമാകും.

അതേസമയം 2016-17 കാലത്തെ ഫോണ്‍, ഐപാഡ്, ക്യാമറ എന്നിവ കൈവശമില്ലെന്ന് സിദ്ധിഖ് പറഞ്ഞു. 2014 മുതല്‍ തന്നോട് ഫോണില്‍ ബന്ധപ്പെടുന്നതായുള്ള നടിയുടെ മൊഴിയും സിദ്ധിഖ് നിഷേധിച്ചു. നടിയുമായി ഇതേവരെ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു. സിദ്ധിഖ് മറുപടി നല്‍കുന്നത് ഒന്നോ രണ്ടോ വരിയില്‍ മാത്രമെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇന്ന് ഹാജരാക്കിയത് ബാങ്ക് രേഖകള്‍ മാത്രം, ഇത് അന്വേഷണത്തില്‍ നിര്‍ണായകമല്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇങ്ങനെ ചോദ്യം ചെയ്തിട്ട് കാര്യമില്ലെന്നാണ് വിലയിരുത്തല്‍.

ഒന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയിട്ടില്ല. ഡിജിറ്റല്‍ രേഖകള്‍ ഇപ്പോള്‍ തന്റെ കയ്യിലില്ലെന്ന് സിദ്ധിഖ് പറഞ്ഞു. ആദ്യ മൊഴി സിദ്ധിഖ് ആവര്‍ത്തിച്ചിരിക്കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇന്നും നിഷേധിച്ചു. ഇന്നും പ്രാഥമിക വിവരശേഖരണം മാത്രം ആണ് നടന്നത്. വിശദമായ ചോദ്യം ചെയ്യല്‍ പിന്നീട് നടത്തും.

Advertisements
Share news