ഭരണഘടനാ ആമുഖത്തില്‍ ‘സോഷ്യലിസ്റ്റ്’ ‘സെക്യുലര്‍’ വാക്കുകള്‍ നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ഭരണഘടനയുടെ ആമുഖത്തില്‍ ‘സോഷ്യലിസ്റ്റ്’, ‘സെക്യുലര്‍’ വാക്കുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. സുബ്രഹ്മണ്യന്‍ സ്വാമിയുള്‍പ്പെടെ ബിജെപി നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് തള്ളിയത്. മതേതരത്വം എന്നത് ഭരണഘടനയുടെ അടിസ്ഥാനമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. 1976ല്‍ പാസാക്കിയ 42-ാം ഭേദഗതി പ്രകാരം ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീം കോടതി തളളിയത്.

ഭേദഗതിക്കുള്ള പാര്‍ലമെന്റിന്റെ അധികാരം ആമുഖത്തിനും ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞ് എന്തിനാണ് ഇപ്പോള്‍ പ്രശ്നം ഉന്നയിക്കുന്നതെന്ന് ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ബിജെപി നേതാക്കളായ മുന്‍രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി, അശ്വിനി കുമാര്‍ ഉപാധ്യായ, ബല്‍റാം സിംഗ് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തളളിയത്.

1976ല്‍ അടിയന്തരാവസ്ഥ കാലഘട്ടത്തിലാണ് 42ാം ഭേദഗതി എടുത്തതെന്നും വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. സോഷ്യലിസം, സെക്യുലര്‍ എന്നീ വാക്കുകള്‍ വിദേശരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ സാഹചര്യത്തിലാണ് അര്‍ത്ഥമാക്കുന്നത്. ഇവിടുത്തെ സാഹചര്യത്തില്‍ സോഷ്യലിസം എന്നത് ഒരു ക്ഷേമരാഷ്ട്രം എന്നതാണ്. മതേതരത്വം എന്നത് ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളുടെ ഭാഗമാണ് എന്നതും നേരത്തേയും വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

വിഷയം വിശാല ബെഞ്ചിന് വിടണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം നേരത്തെ ബെഞ്ച് നിരസിച്ചിരുന്നു. ഭരണഘടനയില്‍ നിന്നും സോഷ്യലിസം, മതനിരപേക്ഷം എന്നിവ നീക്കം ചെയ്യാനുളള ശ്രമം ബിജെപി നിരവധി തവണകളായി നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ നല്‍കിയത്. നാളെ ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷം നടക്കാനിരിക്കെയാണ് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിര്‍ണായക വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടായത്.

