KOYILANDY DIARY.COM

The Perfect News Portal

മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്ത് അടിപ്പിച്ച സംഭവത്തിൽ യുപി പൊലീസിന് നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: മറ്റു വിദ്യാർത്ഥികളെക്കൊണ്ട് അധ്യപിക മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്ത് അടിപ്പിച്ച സംഭവത്തിൽ മുസഫർന​ഗർ പൊലീസിന് നോട്ടീസയച്ച് സുപ്രീം കോടതി. കേസിൻറെ പുരോ​ഗതി അറിയിക്കാനും ഇരയാക്കപ്പെട്ട കുട്ടിയുടെ സംരക്ഷണത്തിനായി പൊലീസ് സ്വീകരിച്ച നടപടികൾ വിശദീകരിക്കാനാവശ്യപ്പെട്ടുമാണ് നോട്ടീസ്. സെപ്തംബർ 25നകം മറുപടി നൽകണമെന്നാണ് നിർദേശം.

കേസിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് തുഷാർ ​ഗാന്ധി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് അഭയ് എസ് ഓക, പങ്കജ് മിതാൽ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിർദേശം. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ, പ്രത്യേകിച്ച് മതന്യൂനപക്ഷ വിഭാ​ഗങ്ങളിലുൾപ്പെടുന്ന കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയാൻ കൃത്യമായ മാർ​ഗരേഖകൾ കൊണ്ടുവരണമെന്നും ഹർജിക്കാരൻറെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ 24നാണ് മുസഫർന​ഗറിലെ നേഹ പബ്ലിക് സ്കൂളിൽ അധ്യാപിക മുസ്ലിം വിദ്യാർത്ഥിയെ മറ്റ് വിദ്യാർത്ഥികളെക്കൊണ്ട് അടിപ്പിച്ചത്. ക്ലാസിൽ കുട്ടിയെ എഴുന്നേൽപ്പിച്ച് നിർത്തിയ ശേഷം അധ്യാപിക ത്രിപ്ത ത്യാ​ഗി മറ്റ് കുട്ടികളോട് മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്ത് അടിക്കാൻ ആജ്ഞാപിക്കുകയായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കുട്ടിയുടെ കുടുംബത്തിൻറെ പരാതിയിൽ അധ്യാപികയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പരാതി പിൻവലിക്കാനും ഒത്തുതീർപ്പിന് വഴങ്ങാനുമായി കുട്ടിയുടെ കുടുംബത്തിന് മേൽ സമ്മർ​ദം ഉണ്ടാകുന്നുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.

Advertisements
Share news