KOYILANDY DIARY.COM

The Perfect News Portal

എഡിറ്റേഴ്‌സ് ​ഗിൽഡിലെ അം​ഗങ്ങൾക്ക് ഇടക്കാല സംരക്ഷണം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: മണിപ്പുർ സർക്കാർ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ എഡിറ്റേഴ്‌സ് ​ഗിൽഡിലെ അം​ഗങ്ങൾക്ക് ഇടക്കാല സംരക്ഷണം അനുവദിച്ച് സുപ്രീം കോടതി. കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ​ഗിൽഡ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തിങ്കളാഴ്ച വരെ ഇടക്കാല സംരക്ഷണം അനുവ​ദിച്ച കോടതി വിഷയത്തിൽ മണിപ്പുർ സർക്കാരിൻറെ പ്രതികരണവും തേടിയിട്ടുണ്ട്.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിർദേശം. കേസ് അടുത്ത തിങ്കളാഴ്‌ച വീണ്ടും പരി​ഗണിക്കും. ഹർജി ഇന്ന് ലിസ്റ്റ് ചെയ്‌തിരുന്നില്ലെങ്കിലും അടിയന്തരമായി വാദം കേൾക്കണമെന്ന മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻറെ ആവശ്യപ്രകാരം വിശയം പരിഗണിക്കുകയായിരുന്നു.

വംശീയ കലാപം തുടരുന്ന മണിപ്പുരിൽ സംസ്ഥാന സർക്കാരിൻറെയും പൊലീസിൻറെയും  വിവേചനം തുറന്നുകാട്ടിയതിനാണ് എഡിറ്റേഴ്‌സ്‌ ഗിൽഡിനെതിരെ (ഇജിഐ) കേസെടുത്തത്. മണിപ്പുർ സന്ദർശിച്ച്‌ വസ്‌തുതാന്വേഷണ റിപ്പോർട്ട്‌ തയ്യാറാക്കിയ ഇജിഐ പ്രസിഡണ്ട് സീമ മുസ്തഫ, വസ്‌തുതാന്വേഷണ സംഘാംഗങ്ങളായ മുതിർന്ന മാധ്യമപ്രവർത്തകർ ഭരത് ഭൂഷൺ, സഞ്ജയ് കപൂർ, സീമ ഗുഹ എന്നിവർക്കെതിരെയാണ്‌ കേസ്‌.

Advertisements

രണ്ട് എഫ്ഐആറുകളാണ് സംഘത്തിനെതിരെ രജിസ്റ്റർ ചെയ്‌തിരിക്കുന്നതെന്ന് ശ്യാം ദിവാൻ പറഞ്ഞു. സംസ്ഥാനത്ത് വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചു, അപകീർത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഡിറ്റേഴ്‌സ്‌ ​ഗിൽഡിനെതിരെ കേസെടുത്തത്.  താൽക്കാലികമായി സംരക്ഷണം അനുവദിച്ച കോടതി സംസ്ഥാന സർക്കാരിനോട് പ്രതികരണം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗസ്‌ത്‌ ഏഴുമുതൽ പത്തുവരെ മണിപ്പുർ സന്ദർശിച്ച സമിതി സംസ്ഥാനത്തെ മാധ്യമങ്ങൾ കലാപ വാർത്തകൾ റിപ്പോർട്ടുചെയ്‌തത്‌ ഏകപക്ഷീയമായിട്ടാണെന്ന്‌ കണ്ടെത്തി സെപ്‌തംബർ 2ന് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. തുടർന്നാണ് ബിജെപി സർക്കാരിൻറെ നടപടി.

Share news