സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സഹവാസക്യാമ്പ് സെറിമോണിയൽ പരേഡോടെ സമാപിച്ചു

തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംസ്ഥാനതല സഹവാസക്യാമ്പ് സെറിമോണിയൽ പരേഡോടെ സമാപിച്ചു. തിരുവനന്തപുരം എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്ന പരേഡിൽ മന്ത്രി കെ എൻ ബാലഗോപാൽ അഭിവാദ്യം സ്വീകരിച്ചു. 24 പ്ലാറ്റൂണുകൾ പങ്കെടുത്തു. കണ്ണൂർ സിറ്റിയിലെ പട്ടാനൂർ കെപിസിഎച്ച്എസ്എസിലെ പി പി അഭിനന്ദയാണ് പരേഡ് നയിച്ചത്. മലപ്പുറം മേലാറ്റൂർ ആർഎംഎച്ച്എസ്എസിലെ എം ആദിഷായിരുന്നു സെക്കൻഡ് ഇൻ കമാൻഡർ.

മികച്ച ആൺകുട്ടികളുടെ പ്ലാറ്റൂണായി തിരുവനന്തപുരം റൂറലിലെ നാവായിക്കുളം ഗവ. എച്ച്എസ്എസിലെ എസ് ആർ അനന്തകൃഷ്ണൻ നയിച്ച പ്ലാറ്റൂണിനെയും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം സിറ്റിയിലെ മണക്കാട് ജിവി എച്ച്എസ്എസിലെ വർഷ വി മനോജ് നയിച്ച പ്ലാറ്റൂണിനെയും തെരഞ്ഞെടുത്തു. സംസ്ഥാനതല എസ്-പിസി ക്വിസ് മത്സരത്തിൽ തിരുവനന്തപുരം റൂറൽ, പത്തനംതിട്ട, കൊല്ലം സിറ്റി എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വിജയികൾക്ക് മന്ത്രി ട്രോഫികൾ വിതരണം ചെയ്തു.

