കോരപ്പുഴ മുതൽ കോട്ടക്കൽ വരെ നീളുന്ന തീരദേശ ഹൈവേ നിർമാണത്തിന്റെ ഭാഗമായി കല്ലിടൽ പൂർത്തിയാക്കി
കൊയിലാണ്ടി കോരപ്പുഴ മുതൽ കോട്ടക്കൽ വരെ നീളുന്ന തീരദേശ ഹൈവേ നിർമാണത്തിന്റെ ഭാഗമായി കൊയിലാണ്ടി മുതൽ കോരപ്പുഴ വരെ സ്ഥലം നിർണയിച്ചു കല്ലിടൽ പൂർത്തിയാക്കി. കാപ്പാട് മേഖലയിൽ 200 മീറ്ററോളം നീളത്തിൽ കല്ലിടുന്നതിനെതിരെ ചില തർക്കങ്ങൾ ഉണ്ടായിരുന്നു. അത് പരിഹരിച്ചതായി എം.എൽ.എ. കാനത്തിൽ ജമീലയുടെ ഓഫീസിൽ നിന്നറിയിച്ചു.

കല്ലിട്ടതിന്റെ സ്കെച്ച് ലാൻഡ് അക്വിസിഷൻ ടീമിന് കൈമാറി. ഡിസംബർ ആദ്യ വാരം കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരും ലാൻ്റ് അക്വിസിഷൻ അധികൃതരും കല്ലിട്ട ഭാഗത്ത് സംയുക്ത പരിശോധന നടത്തും. കൊയിലാണ്ടി ഹാർബർ, മുത്തായം റീച്ചിൽ കല്ലിടൽ നടപടികൾ ഉടൻ തുടങ്ങും. മുത്തായം കോടിക്കൽ റീച്ചിൽ ചെറിയ ഒരു ഭാഗത്ത് കൂടി കല്ലിടാനുണ്ട്. കോടിക്കൽ ഭാഗത്ത് തീരദേശ റോഡിനായി സ്ഥലം ഏറ്റെടുത്തതിന്, സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം നൽകുന്ന പ്രവർത്തനവും ഇതോടൊപ്പം നടക്കും.

മൂരാട് കുഞ്ഞാലി മരക്കാർ പാലം നിർമ്മിക്കുന്നിടത്ത് സ്ഥലം ഏറ്റെടുത്തവർക്ക് നഷ്ടപരിഹാരത്തുക നൽകിയിട്ടുണ്ട്. കുഞ്ഞാലി മരക്കാർ പാലത്തിന് തീരദേശ പരിപാലന നിയമപ്രകാരമുള്ള അനുമതി കൂടി കിട്ടിയാൽ പ്രവൃത്തി ഉദ്ഘാടനം നടത്തും. കോസ്റ്റൽ ഏരിയാ മാനേജ്മെന്റ്റ് ഓഫീസിലാണ് ഇത് സംബന്ധിച്ച ഫയൽ ഉള്ളത്. തീരദേശ ഹൈവേയ്ക്ക് അഞ്ച് റീച്ചുകളാണ് കൊയിലാണ്ടി മണ്ഡലത്തിൽ വരുന്നത്.

കോരപ്പുഴ മുതൽ കൊയിലാണ്ടി ഹാർബർ വരെയുള്ള 4.18കി. മീറ്റർ ഒന്നാം റീച്ചിൽ ഉൾപ്പെടും. ഹാർബർ മുതൽ മുത്തായം ബീച്ച് വരെയുള്ള 6.37 കിലോമീറ്റർ രണ്ടാം റീച്ചിലും, മുത്തായം ബീച്ച് മുതൽ കോടിക്കൽ ബീച്ച് വരെ ഏഴ് കിലോമീറ്റർ മൂന്നാം റീച്ചിലും, കോടിക്കൽ മുതൽ കൊളാവിപ്പാലം വരെ 7.5 കിലോ മീറ്റർ നാലാം റീച്ചിലും, കൊളാവിപ്പാലം മുതൽ കോട്ടക്കൽ വരെയുള്ള 3.8 കിലോ മീറ്റർ അഞ്ചാം റീച്ചിലും ഉൾപ്പെടും. കോട്ടക്കൽ കടവും വടകര സാൻ്റ് ബാങ്കും തമ്മിൽ ബന്ധിപ്പിച്ച് പാലം (കുഞ്ഞാലിമരയ്ക്കാർ ബ്രിഡ്ജ്) തീരദേശ ഹൈവേയിലെ പ്രധാന ആകർഷകമാകും.

തീരദേശ ഹൈവേ: പ്രദേശവാസികളുമായി കൂടിയാലോചന വേണമെന്ന്
കൊയിലാണ്ടി തീരദേശ ഹൈവേ നിർമാണ വിഷയത്തിൽ അധികൃതർ സ്വീകരിക്കുന്ന നിലപാടിനെതിരേ കൊല്ലം നിവാസികൾ പ്രതിഷേധത്തിൽ. ജനവാസ കേന്ദ്രത്തിൽകൂടി വരുന്ന തീരദേശ ഹൈവേയുടെ രൂപരേഖ പുനഃ പരിശോധിക്കണമെന്നും വീടും സ്ഥലവും നഷ്ടപ്പെടുന്നവരോട് കൂടിയാലോചന നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം. പ്രക്ഷോഭത്തിൻ്റെ മുന്നോടിയായി വിശദമായ നിവേദനം അധികൃതർക്ക് സമർപ്പിക്കും.
