കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി സ്ഫോടന ശബ്ദം; കൂറ്റൻ പാറക്കല്ല് കണ്ടെത്തി

കോഴിക്കോട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ സ്‌ഫോടനത്തിന് സമാനമായ ശബ്ദമുണ്ടായത് കൂറ്റൻ പാറ ഇടിഞ്ഞു വീണതിനാലാണെന്ന് കണ്ടെത്തി. പഞ്ചായത്തിലെ ഏഴാം വാർഡിൽ ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് വ്യാഴാഴ്ച രാത്രി 10.30-നായിരുന്നു സ്ഫോടനത്തിന് സമാനമായ ശബ്ദം ഉണ്ടായത്.

ശബ്ദം ജനങ്ങളിൽ ഭീതിയുണ്ടാക്കി. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ജനങ്ങളെ മുമ്പ് തന്നെ മാറ്റി പാർപ്പിച്ചിരുന്നു. ഇന്ന് രാവിലെ പരിശോധന നടത്തിയപ്പോഴാണ് കൂറ്റൻ പാറക്കല്ല് വീണതായി കണ്ടത്. വലിയ പാറ അടർന്ന് മണ്ണും ചെളിയും ഉൾപ്പെടെ ഒലിച്ചുപോയി. ജനപ്രതിനിധികൾ സ്ഥലത്തെത്തി പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. മുന്‍പ് മലയിടിച്ചിലുണ്ടായ പ്രദേശമാണിത്. ഭൂമിയില്‍ മുന്‍പ് വലിയ വിള്ളലും രൂപപ്പെട്ടിരുന്നു.

