സിൽവർ ലൈൻ; റെയിൽവേ ഉദ്യോഗസ്ഥർക്ക് ബിജെപി പത്രത്തിലൂടെ ഭീഷണി
തിരുവനന്തപുരം: സിൽവർ ലൈൻ സംബന്ധിച്ച് വാർത്ത പ്രചരിപ്പിക്കുന്ന റെയിൽവേ ഉദ്യോഗസ്ഥർക്കുനേരെ ഭീഷണിയുമായി ബിജെപിയുടെ മുഖപത്രം. സിൽവർ ലൈൻ അടഞ്ഞ അധ്യായമാണെന്നും, ചില റെയിൽവേ ഉദ്യോഗസ്ഥർ മറിച്ചുള്ള വാർത്ത പ്രചരിപ്പിക്കുകയാണെന്നും പത്രം പറയുന്നു.‘സിൽവർലൈൻ സജീവ പരിഗണനയിലാണെന്ന് കരുതുന്നവരിൽ ഒരു വിഭാഗം റെയിൽവേ ഉദ്യോഗസ്ഥരാണ്. വെള്ളരിക്കാപട്ടണത്തിൽ കഴിയുന്ന ഇവർ പദ്ധതിക്ക് അനുകൂലമായി പലതും പറഞ്ഞുകൊണ്ടിരിക്കുന്നു. മാധ്യമങ്ങളിൽ വാർത്ത വരുത്തുന്നു. എന്നാൽ, സിൽവർ ലൈൻ പദ്ധതിയിൽ ഒരു പുനഃപരിശോധനയും നടക്കുന്നില്ലെന്ന് റെയിൽബോർഡ് അംഗമായ പി കെ കൃഷണദാസ് വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി പ്രായോഗികമല്ലെന്ന് ഇ ശ്രീധരനും പറഞ്ഞിട്ടുണ്ട്. കള്ളക്കഥകളാണ് പ്രചരിക്കുന്നത് ’ –-എന്നും പത്രത്തിന്റെ എഡിറ്റോറിയലിൽ പറയുന്നു.

സിൽവർ ലൈൻ വരുത്താതിരിക്കാൻ ആവശ്യമായ എല്ലാ പണികളും തങ്ങൾ കേന്ദ്രസർക്കാരിൽ സ്വാധീനം ചെലുത്തി ചെയ്തുവച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. റെയിൽവേ ബോർഡ് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും പദ്ധതിയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച വിവരം കൈമാറാനോ കെ–-റെയിലുമായി ചർച്ച നടത്താനോ ദക്ഷിണറെയിൽവേ തയ്യാറായില്ലെന്നും വാർത്തകൾ വന്നു.


എന്നാൽ, കേരളത്തിൽ മൂന്നാം പാത ആവശ്യമാണെ ഉറച്ച നിലപാടിലാണ് ഇ ശ്രീധരൻ. സിൽവർ ലൈൻ പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ നടപ്പാക്കാനാകും. എത്ര വന്ദേഭാരത് അനുവദിച്ചാലും 100 കിമീ വേഗതപോലും കിട്ടില്ലെന്നും അടുത്തകാലത്ത് ഇ ശ്രീധരൻ തന്നെ വ്യക്തമാക്കിയിരുന്നു. പദ്ധതി വരുത്താതിരിക്കാൻ കേരളത്തിൽ നിന്നുതന്നെയുള്ള ബിജെപി നേതാക്കളുടെയും ചില കോൺഗ്രസ് എംപി മാരുടെയും സമ്മർദമാണ് കാരണമെന്ന വസ്തുതകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

