KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഹാർബറിൻ്റെ രണ്ടാം ഘട്ട വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൻ്റെ രണ്ടാം ഘട്ട വികസന പദ്ധതികൾ സംസ്ഥാന ഫീഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ അദ്ധ്യക്ഷതയിൽ പ്രധാനമന്ത്രി ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെ പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൊയിലാണ്ടി ഹാര്‍ബറിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 
മത്സ്യബന്ധന തുറമുഖത്തിൻ്റെ രണ്ടാം ഘട്ട വികസന പദ്ധതിയിലെ വിവിധ ഘടകങ്ങളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 20.90 കോടി രൂപയുടെ ഭരണാനുമതി ഇതിനകം ലഭിച്ചിരുന്നു. ഡ്രഡ്ജിങ് പ്രവൃത്തികള്‍ക്കായി 5.88 കോടി രൂപയും ഭരണാനുമതിയായിരുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊയിലാണ്ടി ഹാര്‍ബറിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് മത്സ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ പ്രതീക്ഷിക്കുന്നത്.
ചടങ്ങില്‍ കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യനും ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല മുഖ്യാതിഥിയായി. മുന്‍ എം.എല്‍.എമാരായ പി. വിശ്വന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ വി.പി. ഇബ്രാഹിംകുട്ടി, സി. ഭവിത, കെ.കെ.വൈശാഖ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വിജി.കെ.തട്ടാമ്പുറം നന്ദി രേഖപ്പെടുത്തി.
Share news