KOYILANDY DIARY

The Perfect News Portal

രണ്ടാമത് ഗുരു ചേമഞ്ചേരി പുരസ്കാരം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക്

കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയം ഏർപ്പെടുത്തിയ രണ്ടാമത് ഗുരു ചേമഞ്ചേരി പുരസ്കാരം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക്. കഥകളി വിദ്യാലയം ഹാളിൽ നടന്ന പരിപാടിയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ബാബുരാജ് പുരസ്കാര ജേതാവിനെ ഔപചാരികമായി പ്രഖ്യാപിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ അധ്യക്ഷയായി.

ചേലിയ കഥകളി വിദ്യാലയം സ്ഥാപകനായ ഗുരു ചേമഞ്ചേരിയുടെ സ്മരണയ്ക്കായുള്ള പുരസ്കാര സമർപ്പണം ജൂലായിൽ കൊയിലാണ്ടിയിൽ നടക്കും. ശിൽപ്പവും പ്രശംസാപത്രവും ക്യാഷ് അവാർഡുമാണ് പുരസ്‌കാരം. ഗുരു ചേമഞ്ചേരിയുടെ കൂടെ നിരവധി വർഷം കഥകളിയിൽ ചെണ്ടവാദകനായിരുന്നു മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ. കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, ശിവദാസ് ചേമഞ്ചേരി, ഡോ. ഒ വാസവൻ എന്നിവർ അംഗങ്ങളായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

 

കവി സത്യചന്ദ്രൻ പൊയിൽക്കാവ് ദ്വിവത്സര കഥകളി പരിശീലന ക്ലാസ്‌ ഉദ്ഘാടനം ചെയ്‌തു.  ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ടി എം കോയ, ഗ്രാമപഞ്ചായത്ത് അംഗം അബ്ദുൾ ഷുക്കൂർ, കഥകളി വിദ്യാലയം പ്രസിഡന്റ്‌ ഡോ. എൻ വി സദാനന്ദൻ, പ്രിൻസിപ്പൽ കലാമണ്ഡലം പ്രേംകുമാർ എന്നിവർ സംസാരിച്ചു. കഥകളി വിദ്യാലയം സെക്രട്ടറി സന്തോഷ് സദ്‌ഗമയ സ്വാഗതവും  കലാമണ്ഡലം ശിവദാസ് നന്ദിയും പറഞ്ഞു.

Advertisements