സ്കൂൾ പി ടി എ തെരഞ്ഞെടുപ്പ് അട്ടിമറിച്ച പ്രിൻസിപ്പാളിൻ്റെ നടപടിക്കെതിരെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്കൂൾ സംരക്ഷണ സമിതി പ്രതിഷേധിച്ചു

കൊയിലാണ്ടി: അരിക്കുളം കെപിഎംഎസ്എം ഹയർ സെക്കണ്ടറി സ്കൂൾ പി ടി എ തെരഞ്ഞെടുപ്പ് അട്ടിമറിച്ച പ്രിൻസിപ്പാളിൻ്റെ നടപടിക്കെതിരെ രക്ഷിതാക്കളുടെ നേതൃത്വത്തിലുള്ള സ്കൂൾ സംരക്ഷണ സമിതി യോഗം ചേർന്നു. ബാഹ്യ ശക്തികളുടെ പ്രേരണയിൽ സ്കൂൾ പി ടി എ തെരഞ്ഞെടുപ്പ് നടത്താതെ നൂറ് കണക്കിന് രക്ഷിതാക്കളെ രണ്ടാം തവണയും മടക്കി അയച്ച പ്രിൻസിപ്പാളിൻ്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും രക്ഷിതാക്കൾ കുറ്റപ്പെടുത്തി.

സ്കൂളിൻ്റെ വികസനത്തിന് അനിവാര്യമായ പിടിഎ തെരഞ്ഞെടുപ്പ് എന്തിനാണ് തടഞ്ഞുവെച്ചതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി കെ കെ ബാബു, നജീദ് ഊരള്ളൂർ, സുഹൈൽ നടേരി, സന്തോഷ് കുമാർ ടി കെ , ജലീൽ തറമലങ്ങാടി, അനിൽകുമാർ അരിക്കളം എന്നിവർ സംസാരിച്ചു.
