കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബുദ്ധിമുട്ടില്ലാതെ ദർശനം സാധ്യമാകുന്നതായും അറിയിച്ചു. ശബരിമലയിൽ തിരക്കുമായി ബന്ധപ്പെട്ട ഹർജിയിലാണ് വിശദീകരണം. ശബരിമലയിൽ തീർത്ഥാടകരെ മർദിച്ചെന്ന പേരിൽ വ്യാജദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ കേസെടുത്തതായി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
‘ചോര ചീന്തിയ ദർശനം’ എന്ന പേരിലുള്ള ദൃശ്യങ്ങൾ വാട്സാപ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞു. സന്നിധാനം, പമ്പ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തതായും ശബരിമല ചീഫ് പൊലീസ് കോ–-ഓർഡിനേറ്റർകൂടിയായ എഡിജിപി കോടതിയെ അറിയിച്ചു. വ്യാജ പ്രചാരണത്തിന്റെ ഭാഗമായാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ജനം ടിവി റിപ്പോർട്ടർക്കെതിരെയും കേസെടുത്തു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും എഡിജിപി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.