പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ റോഡ് പൊളിക്കാനാവില്ല; മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ റോഡ് വെട്ടിമുറിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുടിവെള്ള പൈപ്പ് ലൈൻ, ഡ്രെയിനേജ് പൈപ്പുകൾ, ഗ്യാസ് പൈപ്പ് ലൈൻ, ഇലക്ട്രിസിറ്റി കേബിളുകൾ, ഇന്റർനെറ്റ്- ഫോൺ കേബിളുകൾ തുടങ്ങിയവ കടന്നുപോകുന്നത് പൊതുമരാമത്ത് റോഡുകളിലൂടെയാണ്.

പൊതുമരാമത്ത് റോഡുകളിൽ ഇത്തരം സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് (യൂട്ടിലിറ്റി)അപേക്ഷിക്കാനും അനുമതി ലഭ്യമാക്കാനും ‘റൈറ്റ് ഓഫ്‌വേ പോർട്ടൽ’ സജ്ജമാക്കിയിട്ടുണ്ട്. ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ വിശദാംശങ്ങൾ ഈ പോർട്ടലിൽ ലഭ്യമാക്കുന്നതിനാൽ റോഡ് പ്രവൃത്തിക്കുശേഷം വെട്ടിപ്പൊളിക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാനായി.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ യൂട്ടിലിറ്റി പ്രവൃത്തി നടന്നത് കഴിഞ്ഞ രണ്ടുവർഷമാണ്. ഒരേ റോഡ് തുടർച്ചയായി വിട്ടുനൽകേണ്ടിവന്നു. റോഡ് യൂട്ടിലിറ്റി പ്രവൃത്തിയെ സംബന്ധിച്ചും കൃത്യമായ മാർഗനിർദേശമുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും യൂട്ടിലിറ്റി പ്രവൃത്തിയും പുനർനിർമാണവും പൂർത്തിയായെന്നും ടി പി രാമകൃഷ്‌ണന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.

