KOYILANDY DIARY.COM

The Perfect News Portal

മാലിന്യച്ചൂളയിൽ വീണ അതിഥിത്തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു

പെരുമ്പാവൂർ: ഓടക്കാലിയിൽ പ്ലൈവുഡ് മാലിന്യം കത്തിക്കുന്ന കുഴിയിൽ വീണ് കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പശ്‌ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി മട്ടിയാർ റഹ്മാൻ മണ്ഡലിന്റെ മകൻ നസീർ ഹുസൈനാണ്‌ (22) ആണ് മരിച്ചത്. വ്യാഴം രാവിലെ ഏഴിനായിരുന്നു അത്യാഹിതം.


അമ്പതടി ഉയരത്തിൽ കൂടിക്കിടന്ന പ്ലൈവുഡ്‌ മാലിന്യത്തിന്‌ തീപിടിച്ചിരുന്നു. ഇത്‌ അണയ്‌ക്കാൻ വെള്ളം പമ്പുചെയ്യുന്നതിനിടയിലാണ്‌ നസീർ ഹുസൈൻ കാൽവഴുതി മാലിന്യച്ചൂളയിലേക്ക്‌ വീണത്‌. പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽനിന്ന്‌ അഗ്നി രക്ഷാസേന എത്തിയാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌.

ഓടക്കാലി സ്വദേശി ടി പി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള യൂണിവേഴ്സൽ കമ്പനിയിലാണ്‌ അത്യാഹിതം. ഒരുമാസംമുമ്പ് മാലിന്യക്കുഴിയിൽ തീപിടിച്ചിരുന്നെങ്കിലും പൂർണമായി അണച്ചിരുന്നില്ല. ഒരാഴ്ചമുമ്പാണ് നസീർ ഹുസൈൻ പ്ലൈവുഡ് കമ്പനിയിൽ ജോലിക്കെത്തിയത്. കമ്പനി ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി അറിയിച്ചു.

Share news