‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി. സെക്രട്ടറിയേറ്റിലെ ഉദ്യാനത്തിൽ മന്ത്രിമാർ പച്ചക്കറി തൈകൾ നട്ടാണ് ഉദ്ഘാടനം ചെയ്തത്. കുടുംബങ്ങളിൽ കാർഷിക സംസ്കാരമുണർത്തുക, കേരളത്തെ ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കുക, സുരക്ഷിത പച്ചക്കറി ഉല്പാദനം കാര്യക്ഷമമായി നടപ്പാക്കുക തുടങ്ങിയവയാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകൾ, തൈകൾ, ദീർഘകാല പച്ചക്കറി തൈകൾ എന്നിവ കൃഷിഭവനുകൾ വഴി സൗജന്യമായി വിതരണം ചെയ്യും. ഒരു ലക്ഷം സങ്കരയിനം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും 50 ലക്ഷം സങ്കരയിനം പച്ചക്കറി തൈകളുമാണ് വിതരണം ചെയ്യുന്നത്. വീട്ടുവളപ്പിൽ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനായി 25 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും 40 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും.

ഓരോ വീട്ടുവളപ്പിലും പോഷകത്തോട്ടം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷം പോഷകത്തോട്ടങ്ങൾ നിർമിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി പ്രസാദ്, കെ രാജൻ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ആർ ബിന്ദു, ജെ ചിഞ്ചു റാണി, ചീഫ് സെക്രട്ടറി വി വേണു, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക്, ഡയറക്ടർ അദീല അബ്ദുള്ള എന്നിവർ പങ്കെടുത്തു.

