KOYILANDY DIARY.COM

The Perfect News Portal

സർക്കാറിൻ്റെ അധികാരങ്ങൾ പൂജാരിമാർക്ക് നൽകുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ സംവിധാനങ്ങളുടെ അധികാരങ്ങൾ പൂജാരിമാർക്ക്‌ നൽകുന്നതാണ്‌ രാജ്യത്തെ സാഹചര്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) ചട്ടങ്ങൾ പുറത്തിറങ്ങിയപ്പോൾ സംശയങ്ങൾ ചോദിക്കാൻ ഹെൽപ്പ്‌ ലൈൻ നമ്പർ നൽകിയിരുന്നു. ദേശീയ പത്രത്തിന്റെ പ്രതിനിധി ഈ നമ്പറിൽ ബന്ധപ്പെട്ട്‌ എങ്ങനെയാണ്‌ അപേക്ഷ നൽകേണ്ടതെന്ന്‌ ചോദിച്ചു. ഏതു മതത്തിൽനിന്നാണെന്ന സർട്ടിഫിക്കറ്റ്‌ വേണമെന്നായിരുന്നു മറുപടി.

സർട്ടിഫിക്കറ്റ്‌ ആരിൽ നിന്നാണ്‌ വാങ്ങേണ്ടതെന്ന ചോദ്യത്തിന്‌ പ്രദേശത്തെ പൂജാരിയിൽനിന്നാണെന്നും അറിയിച്ചു. സാധാരണ ഭരണ സംവിധാനങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ അവരെ മാറ്റിനിർത്തി ഇത്തരക്കാർ ചെയ്യുന്നതിലേക്ക്‌ എത്തി –-പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ്‌ കഴക്കൂട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ബഹുജനറാലി ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു.

 

നിയമം മനസ്സിൽ തീകോരിയിട്ട ജനകോടികളെ നോക്കിയാണ്‌ കോൺഗ്രസ്‌ ചിരിക്കുന്നത്‌. സിഎഎ ചട്ടങ്ങളെക്കുറിച്ച്‌ കോൺഗ്രസ്‌ പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെയോട്‌ മാധ്യമങ്ങൾ അഭിപ്രായം ചോദിച്ചപ്പോൾ ആലോചിച്ചു പറയാമെന്നായിരുന്നു മറുപടി. ഇതുവരെ ആ മറുപടി ഉണ്ടായില്ല. അന്ന്‌ ഖാർഗെയുടെ അടുത്തുണ്ടായിരുന്ന കോൺഗ്രസ്‌ സംഘടനാ ജനറൽ സെക്രട്ടറിയുടെ മുഖത്ത്‌ ചിരിയായിരുന്നു.

Advertisements

 

ഇലക്ടറൽ ബോണ്ട് രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയാണ്. ഏറ്റവും കൂടുതൽ പണം കിട്ടിയത് ബിജെപിക്കാണ്. കോൺഗ്രസിനും സാമാന്യം നല്ലതുക കിട്ടി. ഇത്തരത്തിലുള്ള പണം സ്വീകരിക്കാൻ തയ്യാറല്ലെന്നു പറയാൻ കമ്യൂണിസ്റ്റ് പാർടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതും സിപിഐ എമ്മാണ്. രാജ്യത്തെ ജനാധിപത്യവ്യവസ്ഥ അട്ടിമറിക്കുന്നത് ചോദ്യം ചെയ്യുന്നവർക്കെതിരെ എന്ത്‌ നടപടിയും സ്വീകരിക്കാൻ കേന്ദ്രത്തിനു മടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സി ജയൻബാബു അധ്യക്ഷനായി.

Share news