42 ലക്ഷം രൂപ തട്ടിയെടുത്ത ഉത്തർപ്രദേശ് സ്വദേശികളായ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃക്കാക്കര: വാട്സാപ് വഴി പ്രമുഖ ഫ്ലാറ്റ് നിർമാണ കമ്പനി മാനേജരിൽനിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത ഉത്തർപ്രദേശ് സ്വദേശികളായ നാലുപേരെ കൊച്ചി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ധീരജ്‌കുമാർ (35), വിപിൻകുമാർ മിശ്ര (22), സാക്ഷി മൗലി രാജ് (27), ഉമ്മത്ത് അലി (26) എന്നിവരെയാണ് കൊച്ചി സൈബർ പൊലീസ് ഉത്തർപ്രദേശിൽനിന്ന് പിടികൂടിയത്.

എറണാകുളം സ്വദേശിയും നിർമാണ കമ്പനിയുടെ ചീഫ് ഫിനാഷ്യൽ ഓഫീസറുമാണ് പരാതിക്കാരൻ. ഇദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ഫോട്ടോ ഉപയോഗിച്ച് പ്രതികൾ വ്യാജ വാട്‌സാപ് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. താന്‍ വിദേശത്താണെന്നും ഇത് പുതിയ മൊബൈൽ നമ്പറാണെന്നും കാണിച്ച് മാനേജിങ് ഡയറക്ടര്‍ എന്ന വ്യാജേന ഈ അക്കൗണ്ടിൽനിന്ന് മെസേജ് അയച്ചു. ബിസിനസ് സംബന്ധമായി അടിയന്തരമായി 42 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് പ്രതികൾ ആവശ്യപ്പെട്ട നമ്പറിലേക്ക് പണം അയച്ചുകൊടുത്തു. പിന്നീടാണ് കബളിക്കപ്പെട്ട വിവരം അറിയുന്നത്.

പ്രതികൾ സൈബര്‍ വിദഗ്ധരും ഉത്തര്‍പ്രദേശില്‍ കമ്പ്യൂട്ടര്‍ കേന്ദ്രങ്ങൾ നടത്തുന്നവരുമാണ്. 2023 ജൂൺ ഒന്നിനാണ് കേസ് രജിസ്റ്റർ ചെയ്തത്. മൊബൈൽ നമ്പരുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഐഎംഇഎ സിസിടിവി ഫൂട്ടേജുകളും ശേഖരിച്ച് അന്വേഷണം നടത്തിയപ്പോള്‍, പ്രതികള്‍ ഉത്തർപ്രദേശിലെ ഗൊരഖ്പുർ, ഖുഷി നഗർ എന്നിവിടങ്ങളിൽനിന്നാണ് പണം പിൻവലിക്കുന്നതെങ്കിലും ഫോൺ നമ്പറുകളുടെ ലൊക്കേഷന്‍ പ്രധാനമായും ബഹറായിച്ച്, സാന്തകബീർ എന്നീ ജില്ലകളിലാണെന്ന് മനസ്സിലായി. തുടർന്ന് ഇവിടെയെത്തി 12 ദിവസം അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ പേരിൽ നിരവധി ബലാത്സംഗക്കേസും മോഷണക്കേസും ഗുണ്ടാകേസുകളും ഉള്ളതായി സൈബർ പൊലീസ് പറഞ്ഞു.

സൈബർ പൊലീസ് ഇൻസ്പെക്ടർ കെ ജെ തോമസിന്റെ നേതൃത്വത്തിൽ എസ്‌സിപിഒമാരായ ശ്യാംകുമാർ, ആർ അരുൺ, അജിത് രാജ്, നിഖിൽ രാജ്, സിപിഒ ആൽഫിറ്റ് ആൻഡ്രൂസ് എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായത്. ബഹറായിച്ച്, സാന്ത് കബീർ നഗർ എന്നിവിടങ്ങളിലെ സിജെഎം കോടതികളിൽ ഹാജരാക്കിയ പ്രതികളെ ശനി രാവിലെ കൊച്ചിയിലെത്തിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

