KOYILANDY DIARY

The Perfect News Portal

സർക്കാർ ഭൂമി കയ്യേറി നിർമിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കണം; ഹൈക്കോടതി

സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ അനുമതിയില്ലാതെ കയ്യേറി നിർമിച്ച ആരാധാനാലയങ്ങൾ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്ലാന്റേഷൻ കോർപ്പറേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷണന്റെ ഉത്തരവ്. സർക്കാർ ഭൂമി കയ്യേറി നിർമിച്ചത് ഏത് മതത്തിന്റെ ആരാധനാലയമാണെങ്കിലും നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

സർക്കാർ ഭൂമി കയ്യേറി ആരാധനാലയങ്ങൾ നിർമിച്ചത് കണ്ടെത്താൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കണം, ആറുമാസത്തിനുള്ളിൽ ജില്ലാ കളക്ടർമാർ മറുപടി റിപ്പോർട്ട് നൽകണം, പൊളിച്ചു നീക്കൽ ഉൾപ്പെടെയുള്ള നടപടി ഒരു വർഷത്തിനുള്ളിൽ സ്വീകരിക്കണം, സർക്കാർ സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു സർക്കാർ ഭൂമി കൈയ്യേറി ആരാധന നടത്താൻ അനുമതി നൽകേണ്ടതില്ലെന്നും ഈശ്വരൻ തൂണിലും തുരുമ്പിലും ഉണ്ടെന്നാണ് വിശ്വാസമെന്നും കോടതി പറഞ്ഞു.