ആര്യാ രാജേന്ദ്രന് ഫോണിലും വാട്ട്സാപ്പിലും അശ്ലീല സന്ദേശമയച്ചയാൾ പിടിയിൽ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന് ഫോണിലും വാട്ട്സാപ്പിലും അശ്ലീല സന്ദേശമയച്ചയാൾ പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്ത് കുഞ്ഞുമോൻ (35) ആണ് അറസ്റ്റിലായത്. പുത്തൻകുരിശിന് സമീപം കടയിരിപ്പിലുള്ള വീട്ടിൽനിന്നുമാണ് സൈബർ പൊലീസ് ഇയാളെ പിടികൂടിയത്.

മേയർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികാധിക്ഷേപവും വ്യക്തിയധിക്ഷേപവും നടത്തിയവർക്കെതിരെയും ഔദ്യോഗിക വാട്സാപ് നമ്പറിൽ അശ്ലീല സന്ദേശങ്ങൾ അയച്ചയാൾക്കെതിരെയും തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് കേസെടുത്തിരുന്നു. ഫെയ്സ്ബുക്ക് അക്കൗണ്ടായ രാജേഷ് രമണൻ ചരുവിള, ചിലക്കാട്ടിൽ പ്രാക്കുളം എന്ന ഇൻസ്റ്റഗ്രാം ഐഡി, സ്മാർട്ട് പിക്സ് മീഡിയ യുട്യൂബ് ചാനൽ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

ഫോറൻസിക് സംഘം
ബസ് പരിശോധിച്ചു
മെമ്മറി കാർഡ് കാണാതായെന്ന കെഎസ്ആർടിസിയുടെ പരാതിയിൽ ഫോറൻസിക് സംഘം ബസ് പരിശോധിച്ചു. ശനിയാഴ്ച രാത്രി പത്തോടെയാണ് മേയർ ആര്യാ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാറിനെ അമിതവേഗത്തിലായിരുന്ന ബസ് അപകടകരമാംവിധം മറികടക്കുന്നതും ഡ്രൈവർ അശ്ലീല ആംഗ്യം കാണിക്കുന്നതും. ഈ ദൃശ്യങ്ങൾ അടങ്ങിയ സിസിടിവി മെമ്മറി കാർഡാണ് കാണാതായത്. തമ്പാനൂർ പൊലീസിന്റെയും ഫിംഗർ പ്രിന്റ് ബ്യൂറോയുടെയും ഫോറൻസിക്കിന്റെയും നേതൃത്വത്തിലായിരുന്നു വ്യാഴാഴ്ചത്തെ പരിശോധന.

