KOYILANDY DIARY

The Perfect News Portal

പിന്നാക്ക വിഭാഗങ്ങളെ ഇടതുപക്ഷം അവഗണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം വസ്തുതാ വിരുദ്ധം; മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ ഇടതുപക്ഷം അവഗണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം വസ്തുതാ വിരുദ്ധമെന്ന്‌ മന്ത്രി വി എൻ വാസവൻ. നിയമസഭാ സ്പീക്കർ സ്ഥാനത്ത്‌ ഒരു പട്ടികജാതി വിഭാഗത്തിൽനിന്ന്‌ ഒരാളെ ആദ്യമായി നിയമിച്ചത്‌ ഇടതുപക്ഷമാണെന്ന്‌ പ്രതിപക്ഷം മറക്കരുതെന്നും ധനാഭ്യർഥന ചർച്ചയ്‌ക്ക്‌ മറുപടിയായി അദ്ദേഹം പറഞ്ഞു. പട്ടികജാതിക്കാരുൾപ്പെടെയുള്ള 36 പിന്നാക്കക്കാർക്ക് ക്ഷേത്രപൂജാരികളായി നിയമനം നൽകിക്കൊണ്ടുള്ള ചരിത്രപരമായ തീരുമാനം എടുത്തത് ഒന്നാം പിണറായി സർക്കാരായിരുന്നു. സിഎച്ചിന്റെ തൊപ്പി ഊരിപ്പിച്ച ചരിത്രമാണ്‌ കോൺഗ്രസിനുള്ളത്‌.

2014ലെ തെരഞ്ഞെടുപ്പിൽ റോബർട്ട്‌ വധ്രയുൾപ്പെട്ട ഡിഎൽഎഫ്‌ അഴിമതിയായിരുന്നു ബിജെപിയുടെ പ്രധാന ആയുധം. ഇലക്ട്രൽ ബോണ്ട്‌ നൽകിയതോടെ ബിജെപി വധ്രയെ സംരക്ഷിച്ചു. ബിജെപിയുടെ രാജ്യസഭാംഗമായ സി എം രമേശിന്റെ കമ്പനിക്ക്‌ കോൺഗ്രസ്‌ സർക്കാർ 1068 കോടിയുടെ വൈദ്യുതി പദ്ധതിയുടെ കരാർ നൽകിയത്‌ 30 കോടി ബോണ്ട്‌ കൈപ്പറ്റിയാണ്‌. ബിജെപി അന്തർധാരയുടെ തൊപ്പി കോൺഗ്രസിനേ ചേരൂവെന്നും മന്ത്രി പറഞ്ഞു.

 

സംസ്ഥാന വികസനത്തിന്‌ സമഗ്രസഹകരണ 
കർമപദ്ധതി
സഹകരണ മേഖലയിലൂടെ സംസ്ഥാനത്തിന്റെ വികസനം സാധ്യമാക്കുന്നതിന്‌ സമഗ്ര സഹകരണ കർമപദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു. കാർഷിക മേഖല, നിർമാണ–- സർവീസ് മേഖലകൾ, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, വിനോദസഞ്ചാരം തുടങ്ങി സഹകരണ മേഖലയുടെ സജീവസാന്നിധ്യമുള്ള രംഗത്തെല്ലാം സുസ്ഥിര വികസനം സാധ്യമാക്കാൻ ലക്ഷ്യമിട്ടാണ്‌ കർമ പദ്ധതിക്ക് രൂപം നൽകിയത്‌. കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിന്‌ ഉൽപ്പാദന യൂണിറ്റുകൾ ആരംഭിക്കും. ഈ മേഖലയിൽ കൂടുതൽ വായ്‌പകൾ അനുവദിക്കും. നൈപുണ്യവായ്‌പ, സഹായഹസ്‌തം, സ്‌നേഹതീരം പദ്ധതികൾ വിപുലീകരിക്കും.

Advertisements

 

ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കും. സഹകരണ ആശുപത്രികളുടെ അപക്‌സ് സ്ഥാപനമായ ആശുപത്രി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ വൈറോളജി ലാബ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ വ്യവസായ പാർക്കുകളും ആരംഭിക്കും. നഷ്‌ടത്തിലായ സഹകരണബാങ്കുകളെയും അതിലെ നിക്ഷേപകരെയും സഹായിക്കുന്നതിനായി പുനരുദ്ധാരണനിധി പദ്ധതിക്ക്‌ രൂപം നൽകി.

 

നിക്ഷേപഗ്യാരന്റി സ്‌കീം രണ്ടുലക്ഷത്തിൽനിന്ന്‌ അഞ്ചുലക്ഷമാക്കി ഉയർത്തിയതിലൂടെ ബാങ്കുകളെ അടച്ചുപൂട്ടലിൽനിന്ന്‌ രക്ഷിക്കാനാകും. കേരള ബാങ്കിന്‌ 500 എടിഎമ്മുകൾകൂടി ആരംഭിക്കും. സഹകരണസംഘങ്ങളിലെ അധികനിക്ഷേപത്തിലൂടെ ലഭിക്കുന്ന പണം (സർപ്ലസ്‌ ഫണ്ട്‌) സംസ്ഥാന വികസനത്തിന്‌ വിനിയോഗിക്കുന്നതിന്‌ കൺസോർഷ്യം രൂപീകരിക്കാനും ആലോചനയുണ്ട്‌. കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച വീടില്ലാത്ത മലയാളികൾക്ക്‌ കെയർ ഹോം പദ്ധതിയിലൂടെ വീട്‌ നൽകുന്നതും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.