KOYILANDY DIARY

The Perfect News Portal

സാമൂഹ്യ സുരക്ഷാ പെൻഷൻ വിഷയം പ്രതിപക്ഷം മുതലെടുക്കാൻ ശ്രമിക്കുന്നു; കെ. എൻ ബാലഗോപാൽ

സാമൂഹ്യ സുരക്ഷാ പെൻഷൻ വിഷയം പ്രതിപക്ഷം മുതലെടുക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി കെ. എൻ ബാലഗോപാൽ. അഞ്ചുമാസത്തെ പെൻഷൻ കുടിശ്ശികയുണ്ട്, സമയബന്ധിതമായി അഞ്ചുമാസത്തെ കുടിശ്ശിക വിതരണം ചെയ്യും. പെൻഷന്റെ നാലു ഗഡു കഴിഞ്ഞ മൂന്നു മാസത്തിനിടെ വിതരണം ചെയ്തു. ഈ മാസം ഒരു ഗഡു കൂടി വിതരണം ചെയ്യുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായി മന്ത്രി നിയമസഭയിൽ പറഞ്ഞു.

 

മുതലക്കണ്ണീർ ഒഴുക്കുന്നവർ ജനം ഇത് കാണുന്നുണ്ടെന്ന് ഓർക്കണമെന്നും സംസ്ഥാന സർക്കാർ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്നത് ഓർക്കണമെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയപരമായി എതിർച്ചേരിയിൽ ആണെങ്കിലും ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു ഇനിയെങ്കിലും കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ നിങ്ങൾ തയ്യാറുണ്ടോ എന്ന് പ്രതിപക്ഷത്തോട് ധനമന്ത്രി ചോദിച്ചു. കേന്ദ്രത്തിൽ നിന്നും ഇനിയെങ്കിലും ലഭിക്കാനുള്ളത് നേടിയെടുക്കാൻ ഒരുമിച്ച് ശ്രമിക്കണം എന്നും മന്ത്രി വ്യക്തമാക്കി.

 

നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന്റെ വിഷയത്തിന് അടിയന്തര പ്രാധാന്യമില്ല എന്നും പ്രമേയം അവതരിപ്പിച്ച വ്യക്തിക്ക് ആത്മാർത്ഥതയില്ല എന്നും മന്ത്രി പറഞ്ഞു. പ്രഖ്യാപനം അല്ലാതെ തുക നൽകുന്ന ശീലം യുഡിഎഫ് സർക്കാരിന് ഉണ്ടായിരുന്നില്ല. ശങ്കരാടിയുടെ രേഖ വെച്ചല്ല മുനീറിന്റെ മറുപടിയുടെ രേഖ വെച്ചാണ് സംസാരിക്കുന്നത്. പാവപ്പെട്ട ജനങ്ങളെ ആശങ്ക തീറ്റിച്ച് രാഷ്ട്രീയ ലാഭം നേടാനാണ് പ്രതിപക്ഷം വിഷയം അടിയന്തര പ്രമേയമായി കൊണ്ടുവന്നത് എന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു.

Advertisements