KOYILANDY DIARY.COM

The Perfect News Portal

നവകേരള സദസ്സ്‌ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രതിപക്ഷത്തിന് ഇനിയും തിരുത്താം: മുഖ്യമന്തി

കാസർകോട്‌: നവകേരള സദസ്സ്‌ ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഇനിയും പറ്റുമെങ്കിൽ കോൺഗ്രസ്‌ നേതൃത്വം തിരുത്തണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാടിന്റെ നന്മയ്‌ക്ക്‌ നാട്ടുകാരെല്ലാം ഒരേ വികാരത്തോടെയാണ്‌ വരുന്നത്‌. ഇത്തരത്തിൽ ജനപങ്കാളിത്തം ഉണ്ടാകുമ്പോൾ അവർക്ക്‌ നേതൃത്വം കൊടുക്കാൻ കഴിയാത്തതിൽ എംഎൽഎമാർ അനുഭവിക്കുന്ന മാനസികസംഘർഷം വലുതായിരിക്കും. താൽപ്പര്യമുണ്ടെങ്കിലും ബഹിഷ്‌കരിക്കാനുള്ള രാഷ്‌ട്രീയ തീരുമാനം കാരണമാണ്‌ പങ്കെടുക്കാത്തതെന്ന്‌ മുസ്ലിംലീഗിലെ എൻ എ നെല്ലിക്കുന്ന്‌ എംഎൽഎ പറഞ്ഞതിനെക്കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അദ്ദേഹത്തിന്‌ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കുപോലും പരിപാടിയിൽ പങ്കെടുക്കണമെന്ന നിലപാടായിരിക്കും. പ്രതിപക്ഷം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടും ലീഗ്‌ സംസ്ഥാന സമിതി അംഗം പ്രഭാതയോഗത്തിൽ പങ്കെടുത്തതും ഇങ്ങനെ കാണണം. ബഹിഷ്‌കരിക്കാനുള്ള തീരുമാനമെടുത്തത്‌ ലീഗല്ല, കോൺഗ്രസ്‌ നേതൃത്വമാണ്‌. അവധാനതയില്ലാത്ത ആ തീരുമാനത്തിന്റെ അനന്തരഫലമാണ്‌ പ്രതിപക്ഷം അനുഭവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വ്യാജ ഐഡി കാർഡ്‌ അതീവ ഗൗരവമുള്ളത്‌
യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പിന്‌ വ്യാജ ഐഡി കാർഡ്‌ ഉപയോഗിച്ചത്‌ അതീവഗൗരവമുള്ള പ്രശ്‌നമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തരത്തിലും ചെയ്യാൻ പാടില്ലാത്ത കാര്യം. ഇത്‌ മുമ്പും നടത്തിയിട്ടുണ്ടോയെന്ന്‌ ഗൗരവമായി അന്വേഷിക്കേണ്ടതാണ്‌. വോട്ടർപട്ടികയുടെ കാര്യമായതിനാൽ ഇത്‌ പൊതുതെരഞ്ഞെടുപ്പിനെപ്പോലും ബാധിക്കുന്നതാണ്‌.  ജനാധിപത്യ പാർടി എന്ന പേരാണ്‌ കോൺഗ്രസിനെങ്കിലും ഒരു ജനാധിപത്യ പ്രക്രിയയുമില്ലാത്ത പാർടിയാണത്‌. തെരഞ്ഞെടുപ്പിനു പകരം നോമിനേഷൻ മാത്രമാണ്‌ നടക്കുന്നത്‌. യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്‌ നടന്നപ്പോഴാകട്ടെ, അതിങ്ങനെയുമായി. ഒരു പാർടിക്കകത്ത്‌ ആരോഗ്യപരമായി നടക്കേണ്ട കാര്യം ഇത്രയും നെറികെട്ടരീതിയിൽ കൈകാര്യം ചെയ്യുന്നവർ രാഷ്‌ട്രീയ എതിരാളികളോട്‌ എന്തെല്ലാം ചെയ്യും. ഇത്തരം കാര്യങ്ങളിൽ ആ പാർടിയുടെ ഉപദേശകരുടെ പങ്കുകൂടി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements
Share news