കൊല്ലത്ത് തെരുവു നായ്ക്കളുടെ അക്രമത്തിൽ പരിക്ക്

കൊയിലാണ്ടി: കൊല്ലത്ത് തെരുവു നായ്ക്കളുടെ അക്രമത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇസ്ലത്ത് ആലിക്കുട്ടി ഉൾപ്പെടെ 3 പേർക്കാണ് പരിക്കേറ്റത്. കൊല്ലം ടൗൺ, ബീച്ച് പാറപ്പള്ളി ഭാഗം വരെയുള്ള പ്രദേശങ്ങളിൽ നിന്നാണ് ഇന്നലെയും ഇന്നുമായി തെരുവു നായ്ക്കളുടെ ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ പള്ളിയിലേക്കു പോവുകയായിരുന്ന ഇസ്ലത്ത് ആലിക്കുട്ടിയെയും, ഓട്ടൂരിനു സമീപത്തു നിന്ന് യുവതിയെയും, കുളക്കണ്ടി പരിസരത്തു നിന്ന് മറ്റൊരു വിദ്യാർത്ഥിയെയുമാണ് തെരുവു നായ്ക്കൾ ആക്രമിച്ചത്. പരിക്കേറ്റവർ തൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും ചികിത്സ തേടി.

രാവിലെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികളും സ്ത്രീകളും കാൽനടയായി യാത്ര ചെയ്യുന്ന റോഡുകളിൽ അക്രമാസക്തമാകുന്ന നായ്ക്കൂട്ടങ്ങൾ പ്രദേശത്ത് ഭീഷണിയായിരിക്കുകയാണ്. ബൈക്ക് യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെ പിറകെ ഓടുന്നതോടെ പലരും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.

തെരുവു നായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് ജാഗ്രതയുണ്ടാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
