KOYILANDY DIARY

The Perfect News Portal

ചോദ്യപേപ്പര്‍ കുംഭകോണത്തിൽ കടുത്ത പ്രതിഷേധം തുടരുന്നതിനിടെ എൻടിഎ പുതിയ പരീക്ഷ കലണ്ടർ പ്രഖ്യാപിച്ചു

ന്യൂഡൽഹി: നീറ്റ്, നെറ്റ് ചോദ്യപേപ്പർ കുംഭകോണത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ മുഖംരക്ഷിക്കാൻ പുതിയ പരീക്ഷ കലണ്ടർ പ്രഖ്യാപിച്ച് ദേശീയ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ). റദ്ദാക്കിയ യുജിസി നെറ്റ്, മാറ്റിവച്ച ജോയിന്റ് സിഎസ്‌ഐആർ നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻസിഇടി) എന്നിവയുടെ പരീക്ഷ തീയതിയാണ് പ്രഖ്യാപിച്ചത്. കോളേജ് അധ്യാപക യോഗ്യത പരീക്ഷയായ യുജിസി നെറ്റ് ആഗസ്ത‌് 21നും സെപ്‌തംബർ നാലിനുമിടയിൽ നടക്കും.
ഒഎംആർ പരീക്ഷയ്ക്ക് പകരം വീണ്ടും ഓൺലൈൻ പരീക്ഷയാണ്. ഒഎംആർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതോടെയാണ് ജൂൺ 18ന് 9.08 ലക്ഷത്തിലേറെ പേർ എഴുതിയ നെറ്റ് പിറ്റേദിവസം റദ്ദാക്കിയത്. ചോദ്യപേപ്പർ ചോർന്നുവെന്ന സംശയത്തെ തുടർന്ന് മാറ്റിയ ശാസ്ത്ര– സാങ്കേതിക വിഷയങ്ങളിലെ കോളേജ് അധ്യാപക – ഗവേഷണ യോഗ്യതാ പരീക്ഷയായ ജോയിൻ്റ് സിഎസ്ഐആർ യുജിസി നെറ്റ് ജൂലൈ 25 മുതൽ 27വരെയും നടക്കും.
നാലുവർഷ ഇൻ്റർഗ്രേറ്റഡ് ബിഎഡിനുള്ള പ്രവേശനപരീക്ഷയായ എൻസിഇടി ജൂലൈ 10ന് നടക്കും. മെയ് അഞ്ചിന് നടന്ന നീറ്റ് ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് എന്ന് വിശദീകരിച്ചാണ് എൻടിഎ ജൂൺ 12ന് നിശ്ചയിച്ച എൻസിഇടി പരീക്ഷ മാറ്റിവച്ചത്. ആയുഷ് പിജി പ്രവേശന പരീക്ഷ നേരത്തെ നിശ്ചയിച്ച പോലെ ജൂലൈ ആറിനും നടക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. വെബ്സൈറ്റ്: www.nta.ac.in