നിക്ഷേപം കണ്ടുകെട്ടിയെന്ന് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതം; എ സി മൊയ്തീൻ

തൃശൂർ: നിക്ഷേപം കണ്ടുകെട്ടിയെന്ന് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് എ സി മൊയ്തീൻ എംഎൽഎ. 40 ലക്ഷത്തിന്റെ നിക്ഷേപങ്ങൾ ഇഡി കണ്ടുകെട്ടിയെന്നാണ് പ്രചരിപ്പിക്കുന്നത്. തന്റെ ബാങ്ക് അക്കൗണ്ടുകളോ നിക്ഷേപമോ കണ്ടുകെട്ടിയിട്ടില്ല. കഴിഞ്ഞ ആഗസ്ത് 22 നാണ് വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത്. അന്ന് ഒരു രേഖയും കസ്റ്റഡിയിലെടുത്തിട്ടില്ല. എന്നാൽ, ഭാര്യയുടേയും മകളുടേയും പേരിലുള്ള ഏതാനും നിക്ഷേപങ്ങൾ മരിവിപ്പിച്ചുവെന്നു കാണിച്ച് അറിയിപ്പ് നൽകി.

അടുത്ത ദിവസം ഇഡി നൽകിയ വാർത്താക്കുറിപ്പിൽ 28 ലക്ഷത്തിന്റെ സ്വത്തുക്കൾ കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് മരവിപ്പിച്ചതായി മാധ്യമങ്ങളെ അറിയിച്ചു. മരവിപ്പിച്ചുവെന്ന് പറയുന്ന, ഭാര്യയുടേയും മകളുടേയും സ്ഥിര നിക്ഷേപങ്ങളുടെ ഉറവിടമടക്കം രേഖകൾ ഹാജരാക്കുകയും ചെയ്തു. മന്ത്രി, നിയമസഭാ അംഗം എന്ന നിലയിൽ തന്റെ വരുമാനം തിരുവനന്തപുരം ട്രഷറി അക്കൗണ്ടിൽനിന്നും ഭാര്യയുടെ പേരിൽ വടക്കാഞ്ചേരി യൂണിയൻ ബാങ്ക് ശാഖയിലേക്ക് മാറ്റി. 10 ലക്ഷം രൂപ ഈ നിക്ഷേപമാണ്. ഇത് മരവിപ്പിച്ചതായി അറിയിച്ചപ്പോൾ കൃത്യമായ രേഖകളും ഹാജരാക്കി.

ഭാര്യ ആരോഗ്യവകുപ്പിൽനിന്നും വിരമിച്ചപ്പോൾ ലഭിച്ച 20 ലക്ഷം രൂപ മച്ചാട് പരസ്പര സഹായ സഹകരണ സംഘത്തിലേക്ക് ചെക്ക് മുഖേന നൽകി സ്ഥിരനിക്ഷേപമാക്കി. പിന്നീട് ഈ നിക്ഷേപം മകളുടെ പേരിൽ അതേ സംഘത്തിലുള്ള അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഇതാണ് മരവിപ്പിച്ചതായി പറയുന്നത്. ഇക്കാര്യങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജുഡിക്കേറ്റഡ് അതോറിറ്റിയിൽ അഭിഭാഷകൻ മുഖേന അറിയിക്കുകയും ചെയ്തു. ജനപ്രതിനിധി എന്ന നിലയിൽ തനിക്കും സർക്കാർ ജീവനക്കാരിയെന്ന നിലയിൽ ഭാര്യക്കും നിയമവിധേയമായി ലഭിച്ച സംഖ്യയാണിത്.

ഇക്കാര്യത്തിൽ വിശദീകരണമോ സംശയമോ ഇഡിയും ഉന്നയിച്ചിട്ടില്ല. അഡ്ജുഡിക്കേറ്റഡ് അതോറിറ്റി മുമ്പാകെ കേസ് അന്വേഷണം നടക്കുന്നതിനാൽ മരവിപ്പിച്ച നടപടികൾ പിൻവലിക്കരുത് എന്ന് ഇഡി ആവശ്യപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞത്. ഇതിനെയാണ് സ്വത്തുക്കൾ കണ്ടുകെട്ടി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ചുള്ള വേട്ടയാടലിന്റെ ഭാഗമാണിതെന്നും എ സി മൊയ്തീൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

