‘പുതിയ ബജറ്റ് എല്ലാ വിഭാഗത്തിലും കേരളത്തിൻ്റെ വളർച്ചയ്ക്ക് ഉത്തേജനം പകരുന്ന ഒന്നായിരിക്കും’; ബിനോയ് വിശ്വം

പുതിയ ബജറ്റ് എല്ലാ വിഭാഗത്തിലും കേരളത്തിൻ്റെ വളർച്ചയ്ക്ക് ഉത്തേജനം പകരുന്ന ഒന്നായിരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ വികസന കാഴ്ചപ്പാട് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കാൻ ഈ ബജറ്റിലൂടെ ധനകാര്യ മന്ത്രി ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലെ ബിജെപി ഗവൺമെൻ്റ് എല്ലാത്തരത്തിലും സംസ്ഥാനത്തിനെ ശ്വാസംമുട്ടുകയാണ്. അതിനുമുന്നിൽ മുട്ടുകുത്താതെ തലകുനിക്കാതെ നാടിനെ ജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടുപോകാൻ കുതിക്കുന്ന ഒരു ഗവൺമെൻറ് നിശ്ചയദാർഢ്യമാണ് ഈ ബജറ്റ് പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനപക്ഷ സർക്കാരിൻ്റെ മൂർച്ചയും വ്യക്തതയും ഈ ബജറ്റിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിൻ്റെ ഈ വാര്‍ഷിക പൊതുബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൻ്റെ സമസ്ത മേഖലകളെയും വികസനോന്മുഖമായി സ്പര്‍ശിക്കുന്നതും സമതുലിതമായ ഉണര്‍വ് എല്ലാ മേഖലകളിലും ഉറപ്പാക്കുന്നതുമായ ബജറ്റാണിത്. സമഗ്ര വികസനത്തിനായുള്ള കേരളത്തിന്റെ സാമ്പത്തിക രേഖയാണിത്. അവകാശപ്പെട്ടതു നിഷേധിക്കുന്നതിലൂടെ കേരളത്തെ സാമ്പത്തികമായി ഞെരുക്കിക്കളയാമെന്നു കരുതുന്ന രാഷ്ട്രീയ നിലപാടുകളെ ബദല്‍ വിഭവസമാഹരണത്തിന്റെ വഴികള്‍ കണ്ടെത്തി കേരളം അതിജീവിക്കും എന്നതിന്റെ പ്രത്യാശാ നിര്‍ഭരമായ തെളിവുരേഖ കൂടിയാണ് ഈ ബജറ്റ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

