പരിസരം വൃത്തിഹീനമാക്കിയ പന്തലായനി ഗ്രീൻ ഫ്ലവർ അപ്പാർട്ട്മെൻ്റിനെതിരെ നഗരസഭ നോട്ടീസ് നൽകി

കൊയിലാണ്ടി പരിസരം വൃത്തിഹീനമാക്കിയ പന്തലായനി ഗ്രീൻ ഫ്ലവർ അപ്പാർട്ട്മെൻ്റിനെതിരെ നഗരസഭ നോട്ടീസ് നൽകി. നാട്ടുകാരുടെ പരാതി പ്രകാരം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥസംഘം നടത്തിയ പരിശോധയിൽ ഗുരുതരമായ പിഴവാണ് കണ്ടെത്തിയത്. കുറ്റ്യാടി അടുക്കത്ത് ചെറുവേരി ഹൌസിൽ മുഹമ്മദ് ഷെമീർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

വഗാഡ് കമ്പനിയുടെ തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. 15 ഓളം പേർക്ക് മാത്രം താമസിക്കാൻ സൌകര്യമുള്ള കെട്ടിടത്തിൽ 40ൽ അധികം ആളുകൾ താമസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കിവിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. വലിച്ചെറിഞ്ഞ ഭക്ഷ്യ വസ്തുക്കളുടെ അവശിഷ്ടങ്ങളാകെ മലിന ജലത്തിലൂടെ പരന്നൊഴുകുന്ന നിലയിലാണുള്ളത്. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.


കെട്ടിടത്തിൻ്റെ പിറകുവശത്ത് മലിനജലം കെട്ടിക്കിടക്കുന്നത്കാരണം സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കാൻ സാധ്യതയുള്ളത് കണക്കിലെടുത്ത് 17/05/2024ന് കെട്ടിട ഉടമയ്ക്ക് നഗരസഭ നേരിട്ട് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ മാലിന്യ പ്രശ്നത്തിന് പരിഹാരംകാണുന്നതിന് കെട്ടിട ഉടമയുടെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും നടക്കാത്ത സാഹചരിത്തിൽ നഗരസഭ ആരോഗ്യ വിഭാഗം വൈസ് ചെയർമാൻ്റെ നേതൃത്വത്തിൽ ഇന്ന് വീണ്ടും നേരിട്ടെത്തി പരിശോധന നടത്തുകയായിരുന്നു.

19ന് വൈകീട്ട് 5 മണിയോടുകൂടി മാലിന്യം നീക്കം ചെയ്യാൻ അധികൃതർ നോട്ടീസ് നൽകിയിരിക്കുകയാണ്. അല്ലാത്തപക്ഷം അപ്പാർട്ടമെൻ്റ് അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള കടുത്ത നടപടിയിലേക്ക് കടക്കുമെന്നും നഗരസഭ മുന്നറിയിപ്പ് നൽകി. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ റിഷാദ്, ജെ.എച്ച്.ഐമാരായ സീന, ഷൈനി മറ്റ് ജീവനക്കാർ എന്നിവർ സംഘത്തൊടൊപ്പം ഉണ്ടായിരുന്നു.

