സിനിമാ നയരൂപീകരണ സമിതിയുടെ യോഗം ഇന്ന് കൊച്ചിയിൽ നടക്കും
സർക്കാർ രൂപീകരിച്ച സിനിമാ നയരൂപീകരണ സമിതിയുടെ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. സമിതി ചെയർമാൻ ഷാജി എൻ. കരുണിൻ്റെ അധൃക്ഷതയിൽ രാവിലെ പതിനൊന്നു മണിയോടെയാണ് യോഗം. സമിതിയിലെ അംഗങ്ങളെല്ലാം യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. വിവിധ സിനിമാ സംഘടനകളും നിർമാതാക്കളും മുന്നോട്ടു വെച്ച വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി താത്കാലിക ചുമതല വഹിക്കുന്ന പ്രേം കുമാര്‍ ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുക്കും. നയരൂപീകരണ സമിതി അംഗമായ പത്മപ്രിയ ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. വിവാദങ്ങള്‍ക്കിടെ ബി ഉണ്ണികൃഷ്ണനും ചര്‍ച്ചയില്‍ പങ്കെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബി ഉണ്ണികൃഷ്ണന്റെ രാജിയ്ക്കായി സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം യോഗത്തില്‍ പങ്കെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന ലൈംഗിക അതിക്രമ ആരോപണങ്ങളില്‍ കുറ്റാരോപിതനായ എം മുകേഷിനെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മാറ്റിയിരുന്നു. സമഗ്രമായ സിനിമാ നയം രൂപീകരിക്കഗുന്നതിന്റെ മുന്നോടിയായി സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ കോണ്‍ക്ലേവാണ് നവംബറില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്. അതേസമയം കോണ്‍ക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോണ്‍ക്ലേവെന്ന് ഡബ്ലിയുസിസിയും പരിഹസിച്ചിട്ടുണ്ട്.

