ദേശീയ കൗൺസിൽ അംഗം അടക്കമുള്ള നേതാക്കൾ മുസ്ലിംലീഗ് വിട്ട് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു
തിരുവനന്തപുരം: ദേശീയ കൗൺസിൽ അംഗം അടക്കമുള്ള നേതാക്കൾ മുസ്ലിംലീഗ് വിട്ട് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. ലീഗിന്റെയും കെഎംസിസിയുടെയും പ്രധാന നേതാക്കളടക്കം 17 പേർക്ക് സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സ്വീകരണം നൽകി.

ലീഗ് ദേശീയ കൗൺസിൽ അംഗം ആർ നൗഷാദിന്റെയും പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറിയും മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയംഗവുമായ കലാപ്രേമി ബഷീർ ബാബുവിന്റെയും നേതൃത്വത്തിലാണ് പ്രവർത്തകർ ലീഗ് വിട്ടത്. ഇവർക്ക് കേരള പ്രവാസി സംഘത്തിൽ അംഗത്വം നൽകി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസ്സിലും കേരളീയത്തിലും പങ്കെടുത്തതിന് ആർ നൗഷാദിനും കലാപ്രേമി ബഷീർ ബാബുവിനുമെതിരെ ലീഗ് നടപടിയെടുത്തിരുന്നു.

സ്വീകരണത്തിൽ പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് പൂവച്ചൽ നാസർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾഖാദർ, സംസ്ഥാന സെക്രട്ടറി സജീവ് തൈക്കാട്, ജില്ലാ സെക്രട്ടറി കെ എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു.

