KOYILANDY DIARY.COM

The Perfect News Portal

ദാരിദ്ര്യനിർമാജനത്തിൽനിന്ന്‌ വരുമാന വർധനവിലേക്ക്‌ കുടുംബശ്രീ ലക്ഷ്യം മാറണം; മന്ത്രി എം ബി രാജേഷ്‌

മലപ്പുറം: ദാരിദ്ര്യനിർമാജനത്തിൽനിന്ന്‌ വരുമാന വർധനവിലേക്ക്‌ കുടുംബശ്രീ ലക്ഷ്യം മാറണമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. കാൽനൂറ്റാണ്ടുമുമ്പ്‌ ദാരിദ്ര്യനിർമാർജന മിഷനായി ആരംഭിച്ച കുടുംബശ്രീ ലക്ഷ്യം കൈവരിച്ച്‌  ഏറെ മുന്നേറിയതായി മന്ത്രി എം ബി രാജേഷ്‌. മലപ്പുറത്ത്‌ കുടുംബശ്രീ ബ്രാൻഡഡ്‌ ഉൽപ്പന്നങ്ങളുടെ സംസ്ഥാന ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രജതജൂബിലി പിന്നിടുന്ന കുടുംബശ്രീയുടെ ലക്ഷ്യം പുനർനിർവചിക്കേണ്ടതുണ്ട്‌.  കുടുംബശ്രീയുടെ ചരിത്രം കേരള പുരോഗതിയുടെയും സ്ത്രീ​ജീ​വി​ത​ത്തിന്റെ മാറ്റങ്ങളുടേതുമാണ്‌. സംസ്ഥാനത്തിന്റെ ഓരോ വികസനച്ചുവടിലും കുടുംബശ്രീമുദ്ര കാണാം. കൊച്ചി വാട്ടർ മെട്രോ, കരിപ്പൂർ വിമാനത്താവളം, ഷീ ലോഡ്‌ജ്‌ എന്നിവിടങ്ങളിലെല്ലാം കുടുംബശ്രീയുണ്ട്‌. കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ ബ്രാൻഡിങ് വലിയ മുന്നേറ്റമാണ്‌.

 

ആദ്യഘട്ടത്തിൽ കുടുംബശ്രീ ബസാർ, മാർക്കറ്റിങ് ഔട്ട്‌ലെറ്റുകൾ, ഹോംഷോപ്പുകൾ എന്നിവവഴിയാണ്‌ വിപണനം. രണ്ടാംഘട്ടത്തിൽ സൂപ്പർ -ഹൈപ്പർ മാർക്കറ്റുകളിലും വിപണനസാധ്യത കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. ബ്രാൻഡിങ്, മാർക്കറ്റിങ് വീഡിയോയും മലപ്പുറം ജില്ലാ മിഷൻ ഡിജിറ്റൽ മാഗസിൻ ‘മാതൃകം’ മൂന്നാം പതിപ്പും മന്ത്രി പ്രകാശിപ്പിച്ചു.

Advertisements

 

പി ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് പദ്ധതി വിശദീകരിച്ചു. കലക്ടർ വി ആർ വിനോദ് മുഖ്യാതിഥിയായി. കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി കെ സൈനബ, കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫീസർ എ എസ്‌ ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു.

Share news