KOYILANDY DIARY

The Perfect News Portal

ട്രെയിനിലെ തീവെപ്പിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായെന്ന്‌ അന്വേഷകസംഘം

കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ്‌ ട്രെയിനിലെ തീവയ്പ്പിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായെന്ന്‌ അന്വേഷകസംഘം. ആക്രമണത്തിനായി ഷാറൂഖ് സെയ്‌ഫി തെരഞ്ഞെടുത്തത് ഡി-1 കോച്ചാണ്. ട്രെയിനിന്റെ വേഗതയും അപകട സാധ്യതയും സ്ഥലത്തിന്റെ ഭൂമിശാസ്‌ത്ര  പ്രത്യേകതകളും വിശദമായി മനസിലാക്കിയാവാം കംപാർട്ട്‌‌മെന്റും സ്ഥലവും തെരഞ്ഞെടുത്തതെന്നാണ്‌ സൂചന.


ഡി 2 കോച്ചിൽ സഞ്ചരിച്ചിരുന്ന ഷാറൂഖ് ഡി-1 കോച്ചിലേക്ക് കയറിയാണ് ആക്രമണം നടത്തിയത്. എലത്തൂരിലെ കോരപ്പുഴ ഭാഗത്തുവച്ചാണ്‌ തീവച്ചത്‌. കടലിനോട്‌ ചേർന്നുള്ള ഭാഗത്ത്‌ ശക്തിയേറിയ കാറ്റുണ്ടാകും. ചെറിയ തീപടർന്നാൽ പോലും നിമിഷങ്ങൾക്കുള്ളിൽ തൊട്ടടുത്ത കംപാർട്ട്‌മെന്റുകളിലേക്ക്‌ തീ ആളിപ്പടരും. ഡി-1 കംപാർട്ട്‌‌മെന്റിന്‌ തൊട്ടുപിന്നിലായാണ്‌ എയർ കണ്ടീഷൻ സി-1 കോച്ച്‌. വായുസഞ്ചാരമില്ലാത്തതും കർട്ടനുകളുൾപ്പെടെ കൂടുതൽ തുണികൾ ഉൾപ്പെട്ടതുമായ കോച്ചിൽ തീ ആളിപ്പടരും. കൂടാതെ ‘നിശബ്ദകൊലയാളി’  എന്നറിയപ്പെടുന്ന കാർബൺ മോണോക്‌സൈഡ് വാതകം പടരാനും  അത്‌ ശ്വസിച്ചുള്ള അപകട സാധ്യതയും ഏറെയാണ്.