അന്തിമ വിധി വരെ അതിജീവിതയ്‌ക്കൊപ്പം അന്വേഷണസംഘവും പ്രോസിക്യൂഷനും ഉണ്ടാകും: ബി സന്ധ്യ
.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ബി സന്ധ്യ ഐപിഎസ്. അന്തിമ വിധി വരുന്നത് വരെ അതിജീവിതയ്‌ക്കൊപ്പം അന്വേഷണ സംഘവും പ്രോസിക്യൂഷനും ഉണ്ടാകുമെന്നും മേല്‍ക്കോടതികളില്‍ പോയി പോരാടുമെന്നും ബി സന്ധ്യ പറഞ്ഞു. ഈ കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയില്‍ ഒരുപാട് മാറ്റങ്ങളുണ്ടായെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും ബി സന്ധ്യ പറഞ്ഞു.

ഈ കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയില്‍ ഒരുപാട് പോസിറ്റീവായ മാറ്റങ്ങള്‍ വന്നു എന്നാണ് വ്യക്തമാകുന്നത്. അന്തിമ വിധി വരെ അതിജീവിതയ്‌ക്കൊപ്പം അന്വേഷണസംഘവും പ്രോസിക്യൂഷനും ഉണ്ടാകും. മുന്നോട്ട് പോവുക തന്നെ ചെയ്യും. ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട് വിചാരണാവേളയില്‍. അതുകൊണ്ടുതന്നെ മേല്‍ക്കോടതികളില്‍ നീതിക്കായി അന്വേഷണസംഘവും പ്രോസിക്യൂഷനും പോരാടുമെന്ന് കരുതുന്നു… അന്തിമവിധി ആയിട്ടില്ലല്ലോ നമുക്ക് കാത്തിരിക്കാം ബി സന്ധ്യ പറഞ്ഞു.

ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.




