ആദായനികുതി വകുപ്പ് നടപടികൾ നിയമപരമായി നേരിടും; എംഎം വർഗീസ്

ആദായനികുതി വകുപ്പ് നടപടികൾ നിയമപരമായി നേരിടുമെന്ന് സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി. തെറ്റുപറ്റിയത് ബാങ്കിനാണെന്നും ബാങ്ക് ഓഫ് ഇന്ത്യ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയെന്നും സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്. ബാങ്കിൻ്റെ വീഴ്ച മൂലം പാർട്ടിയുടെ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തപ്പെട്ടതാണ്. നേരത്തേ പിൻവലിച്ച പണം കൊണ്ടുവരണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ സെക്രട്ടറിയും ഓഫീസ് സെക്രട്ടറിയും പണവുമായി ബാങ്കിൽ എത്തിയത്. തെരഞ്ഞെടുപ്പ് വേളയിൽ അനാവശ്യമായ മാധ്യമ കോലാഹലം ഉണ്ടാകരുതെന്ന് കരുതിയാണ് പണം ചെലവാക്കാതെ ഓഫീസിൽ സൂക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളിൽ നിന്ന് പാർട്ടിക്ക് യാതൊന്നും മറച്ചു വെക്കാനില്ല. ജില്ലാ കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വാർത്തകൾ പ്രചരിക്കുന്നത് പ്രതിഷേധാർഹമാണ്.

ബാങ്കിനുണ്ടായ പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാന് ജില്ലാ സെക്രട്ടറി കത്തുനൽകിയിരുന്നു. തെറ്റ് സമ്മതിച്ചു കൊണ്ട് ഏപ്രിൽ 18 ന് ബാങ്ക് പാർട്ടിക്കും കത്തു നൽകിയെന്നും എംഎം വർഗീസ് വ്യക്തമാക്കി. നടന്നത് നിയമപരമല്ലാത്ത നടപടികളാണെന്നും പിടിച്ചെടുത്ത തുക തിരിച്ചു കിട്ടുന്നതിന് നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

