തൃത്താല കണ്ണനൂരിൽ യുവാക്കളെ വെട്ടികൊന്ന സംഭവം; ഉറ്റ സുഹൃത്ത് പൊലീസ് പിടിയിൽ
കൂറ്റനാട്: തൃത്താല കണ്ണനൂരിൽ യുവാക്കളെ വെട്ടികൊന്ന സംഭവത്തിൽ ഉറ്റ സുഹൃത്ത് തൃത്താല പോലീസിൻ്റെ പിടിയിലായി. കൊണ്ടൂർക്കര സ്വദേശി മുസ്‌തഫ ആണ് കസ്റ്റഡിയിലായത്. തൃശൂർ ജില്ലയിലെ ആറ്റൂരിൽ നിന്നാണ് ഇയാളെ തൃത്താല പൊലീസ് പിടികൂടിയത്. സംഭവത്തിൽ അൻസാർ, കബീർ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്.

തൃത്താല റോഡിൽ കരിമ്പനക്കടവ് ഭാഗത്ത് റോഡിൽ രക്തക്കറ കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെ റോഡിൽ രക്തക്കറയും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാറും കണ്ടെത്തി. കാറിനുള്ളിൽ നിന്ന് കത്തിയുടെ കവറും കണ്ടെടുത്തു. ഇതിനിടെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ കഴുത്ത് മുറിഞ്ഞ നിലയിൽ ചികിത്സക്കെത്തിയ അൻസാർ മരണപ്പെടുകയായിരുന്നു. തന്നെ സുഹൃത്ത് വെട്ടി പരിക്കേല്പിച്ചതായി ആശുപത്രി അധികൃതരോട് അൻസാർ പറഞ്ഞിരുന്നു.

അൻസാറിൻ്റ കൊലപാതകത്തിൻ്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് പുഴയിൽ നിന്ന് കബീറിനെറെയും മൃതദേഹം കണ്ടെത്തിയത്. കരിമ്പനക്കടവ് ഭാഗത്തെ ഭാരതപ്പുഴയിൽ മീൻ പിടിക്കാനെത്തിയതാണ് അൻസാർ, കബീർ, മുസ്‌തഫ എന്നിവർ എന്നാണ് സൂചന. തുടർന്ന് പുഴയിൽ വച്ചുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് നിഗമനം. സംഭവത്തിൽ തൃത്താല പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

