കോഴിക്കോട് യുവാവിനെ പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ടു പോയ സംഭവം: പിന്നിൽ മുസ്ലിം ലീഗ് നേതാക്കൾക്ക് പങ്കെന്ന് ആരോപണം

കോഴിക്കോട് നിന്ന് യുവാവിനെ പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാക്കൾക്ക് പങ്കെന്ന് ആരോപണം. മലപ്പുറം കരുവാരക്കുണ്ടിൽ മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളാണ് യുവാവിനെ തടവിൽ വെച്ചതെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു.

ട്രാവൽ ഏജൻസിയിലെ മാനേജരായ ബേപ്പൂർ സ്വദേശി ബിജുവിനെയാണ് തട്ടിക്കൊണ്ടുവന്നത്. സംഭവത്തിൽ അഞ്ചുപേർ പോലീസ് പിടിയിലായിട്ടുണ്ട്. ക്രൂരമായി മർദ്ദിച്ച് ബിജുവിനെ തടങ്കലിൽ വെച്ചത് മലപ്പുറം കരുവാരകുണ്ടിലാണ്. മുസ്ലിംലീഗിന്റെ പ്രാദേശിക നേതാവാണ് സൗകര്യം ഒരുക്കിയത്. ഇയാൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

തട്ടിക്കൊണ്ടുപോകുന്ന വാഹനത്തിൻറെ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ലൊക്കേഷൻ എന്നിവ മനസ്സിലാക്കിയാണ് ബിജുവിനെ പോലീസ് രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

