KOYILANDY DIARY.COM

The Perfect News Portal

വർണ്ണക്കൂടാരം ഉദ്ഘാടനവും വാർഷികാഘോഷവും കോരപ്പുഴക്ക് പുത്തനുണർവായി

കൊയിലാണ്ടി: കോരപ്പുഴ ഗവ. യുപി സ്കൂളിൽ പുതുതായി നിർമ്മിച്ച വർണ്ണക്കുടാരത്തിൻ്റെ ഉദ്ഘാടനവും സ്കൂളിൻ്റെ 106-ാം വാർഷികാഘോഷവുമാണ് കോരപ്പുഴയുടെ ഉത്സവമായി മാറിയത്. പ്രി പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റേയും സമഗ്ര ശിക്ഷ കേരളയുടേയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സംരംഭമായ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായാണ് കോരപ്പുഴ യു.പി സ്കൂളിൽ വർണ്ണക്കൂടാരം നിർമ്മിച്ചത്. പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വർണ്ണക്കൂടാരത്തിൽ പാഠ്യപദ്ധതിയുടെ ഭാഗമായ മുപ്പത് തീമുകൾ ഉൾക്കൊള്ളുന്ന പതിമൂന്ന് വൈജ്ഞാനിക ഇടങ്ങളാണ് ശാസ്ത്രീയമായി തയ്യാറാക്കിയിട്ടുള്ളത്.
വർണ്ണക്കൂടാരത്തിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല സ്ക്കൂളിൻ്റെ 106-ാം വാർഷികാഘോഷ വേദിയിൽവെച്ച് നിർവ്വഹിച്ചു. വാർഷികാഘോഷം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിപിഒ എസ് എസ് കെ പി എൻ അജയൻ പദ്ധതി വിശദീകരിച്ചു. 
ആശംസകൾ അർപ്പിച്ചു കൊണ്ട് പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സന്ധ്യ ഷിബു, അതുല്യ ബൈജു, പന്തലായനി ബിപിസി മധുസൂദനൻ, പി സി സതീഷ് ചന്ദ്രൻ, വി പി ബാലകൃഷ്ണൻ മാസ്റ്റർ, ടി കെ ശ്രീജു, വേലായുധൻ, മാണിക്യപുരി, ആബിദ് ടി പി, എം കെ പ്രസാദ്, പി ടിഎ പ്രസിഡണ്ട് മുനീർ എൻ. കെ, എസ് എംസി ചെയർമാൻ, നൗഷാദ് കീഴാരി, മദർ പിടിഎ പ്രസിഡണ്ട് സമീഹ ടീച്ചർ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മിനി എൻ വി സ്വാഗതം ആശംസിക്കുകയും സ്റ്റാഫ് സെക്രട്ടറി ഷീന എംടി നന്ദിയും പറഞ്ഞു.
Share news