KOYILANDY DIARY.COM

The Perfect News Portal

ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ രണ്ടം​ഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ചൊവ്വാഴ്ച ഒന്നാമത്തെ കേസായി ഇത്‌ പരിഗണിക്കും. ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ട് സംസ്ഥാന സർക്കാർ മുദ്രവെച്ച കവറിൽ ഹെെക്കോടതിക്ക് കെെമാറിയിരുന്നു. 

 

റിപ്പോർട്ടിലുള്ള മൊഴിപ്പകർപ്പുകൾ, സർക്കാർ സ്വീകരിച്ച നടപടികൾ, പ്രത്യേക അന്വേഷകസംഘം, കേസുകൾ എന്നിവയെക്കുറിച്ചുള്ള പൂർണവിവരങ്ങളാണ് കെെമാറിയത്. ആരോപണവിധേയർക്കെതിരെ ക്രിമിനൽനടപടി എടുക്കണമെന്ന്‌ ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് നൽകിയ പൊതുതാൽപ്പര്യഹർജിയിൽ ആക്ടിങ്‌ ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബെഞ്ചാണ് റിപ്പോർട്ട് സമർപ്പിക്കാൻ ആഗസ്‌ത്‌ 22ന് നിർദേശിച്ചത്.

 

 

സിനിമാമേഖലയിലുള്ളവർക്കെതിരെ ഉയർന്ന കേസുകളടക്കം റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ സെപ്തംബർ ഒമ്പതിനാണ്‌ ഹെെക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചത്‌. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ നടന്മാർ, അണിയറപ്രവർത്തകർ, സംവിധായകർ എന്നിവർക്കെതിരെ പരാതികൾ ഉയർന്നിരുന്നു. കേസുകളിൽ പലരും മുൻകൂർജാമ്യം തേടി കോടതിയെ സമീപിച്ചു. ഈ സാഹചര്യംകൂടി പരി​ഗണിച്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്.

Advertisements

ആരോപണവിധേയർക്കെതിരെ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട് മുൻ എംഎൽഎ ജോസഫ് എം പുതുശേരി, ക്രൈം നന്ദകുമാർ, ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻറൈറ്റ്സ് പ്രൊട്ടക്‌ഷൻ കൗൺസിൽ, എ ജന്നത്ത് എന്നിവരും ഹർജികൾ നൽകിയിട്ടുണ്ട്. സിനിമാമേഖലയിലെ വെളിപ്പെടുത്തലുകളും പരാതികളും സംബന്ധിച്ച്‌ സംസ്ഥാന സർക്കാർ നിയോഗിച്ച, ഉയർന്ന പൊലീസ്‌ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം അന്വേഷിച്ചുവരികയാണ്‌.

Share news