KOYILANDY DIARY.COM

The Perfect News Portal

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രതികളായ കെ കെ കൃഷ്ണനെയും ജ്യോതിബാബുവിനെയും വെറുതെ വിട്ട നടപടിയും ഹെെക്കോടതി റദ്ദാക്കി. വധക്കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ അപ്പീലുകളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ശിക്ഷ വിധി ചോദ്യം ചെയ്ത് പ്രതികളും പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും, സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യ  കെ കെ രമ എംഎൽൽഎയും നല്‍കിയ അപ്പീലുകളാണ് കോടതി പരിഗണിച്ചത്.

ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകളില്‍ വിധി പറഞ്ഞത്. എഫ്‌ഐആറില്‍ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്നും, പലരെയും കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതികൾ വാദിച്ചു. വടകരയ്ക്കടുത്ത് വള്ളിക്കാട് വെച്ച് 2012 മേയ് 4ന് ആര്‍എംപി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

 

വിചാരണയ്ക്ക് ശേഷം 2014ല്‍ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സി പി ഐ എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ 3 വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഐ എം നേതാവായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി കെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചിരുന്നു.

Advertisements
Share news