KOYILANDY DIARY.COM

The Perfect News Portal

കിഫ്ബിക്ക് നോട്ടീസ് നൽകിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ ഡിക്ക് കനത്ത തിരിച്ചടി. കിഫ്ബിക്ക് നോട്ടീസ് നൽകിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കിഫ്ബിയുടെ ഹർജി ഫയലിൽ സ്വീകരിച്ചു. കൂടാതെ മൂന്ന് മാസത്തേക്ക് തുടർ നടപടികളും ഹൈകോടതി സ്റ്റേ ചെയ്തു.

മസാല ബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ കിഫ്ബി ഉപയോഗിച്ചെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്‌ബിക്കും ഇ ഡി കത്തയച്ചത്. ഇതിൽ കിഫ്‌ബി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

ഭൂമി വാങ്ങുകയല്ല വികസന പദ്ധതികള്‍ക്കായി ഏറ്റെടുക്കകയാണ് ചെയ്തതെന്നും കിഫ്ബി ഹർജിയിൽ വ്യക്തമാക്കി. ഇ.ഡിയുടെ കണ്ടെത്തൽ ശരിയല്ലെന്നും കിഫ്ബി ചൂണ്ടിക്കാട്ടി. 2672 കോടി രൂപ സമാഹരിച്ചതില്‍ 467 കോടി രൂപ ഭൂമി വാങ്ങാന്‍ കിഫ്ബി ഉപയോഗിച്ചതില്‍ ചട്ടലംഘനം ഉണ്ടെന്നാണ് ഇ ഡി യുടെ വാദം. എന്നാൽ മസാല ബോണ്ട് വഴി സമാഹരിച്ച പണം വികസന പദ്ധതികള്‍ക്ക് ഉപയോഗിച്ചെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. സർക്കാർ വാദം അംഗീകരിച്ചാണ് കോടതി ഇ ഡി നടപടിക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisements

കിഫ്ബിക്ക് പുറമേ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവ‍ർക്കും ഇ ഡി അഡ്ജ്യൂഡിക്കേറ്റിങ് കമ്മിറ്റി നോട്ടീസ് നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നൽകിയ നോട്ടീസ് രാഷ്ട്രീയ വിവാദത്തിനും കാരണമായിരുന്നു. കിഫ്ബിക്കെതിരെ മുൻപ്ഇ ഡി നടത്തിയ നീക്കങ്ങൾ നിയമ പോരാട്ടത്തിലൂടെയായിരുന്നു സർക്കാരും കിഫ്ബിയും നേരിട്ടത്. സമാന നിയമ പോരാട്ടത്തിന് വഴി തുറന്നിരിക്കുകയാണ് മസാല ബോണ്ടിനെതിരായ ഇ ഡി നോട്ടീസ്.

Share news