ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത പേരുകള്‍ സ്റ്റേ ചെയ്ത നടപടി നീക്കണമെന്ന ഗവര്‍ണറുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത പേരുകള്‍ സ്റ്റേ ചെയ്ത നടപടി നീക്കണമെന്ന ഗവര്‍ണറുടെ ഹര്‍ജി ഹൈക്കോടതി തള്ളി. സ്‌റ്റേ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്ത വിദ്യാര്‍ത്ഥികളുടെ അധികയോഗ്യത വ്യക്തമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഹര്‍ജി ക്രിസ്തുമസ് അവധിക്കു ശേഷം വീണ്ടും പരിഗണിക്കും.

കേരള സര്‍വകലാശാലയുടെ ചട്ടങ്ങളും കീഴ്വഴക്കങ്ങളും അട്ടിമറിച്ച് എബിവിപിക്കാരെ സെനറ്റിലേക്ക് തിരുകികയറ്റിയ ചാന്‍സലര്‍കൂടിയായ ഗവര്‍ണറുടെ നടപടിക്കാണ് വീണ്ടും തിരിച്ചടിയുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥി മണ്ഡലത്തില്‍ നിന്ന് സെനറ്റിലേക്ക് സര്‍വകലാശാല നല്‍കിയ പട്ടിക അട്ടിമറിച്ച് ചാന്‍സലര്‍ നടത്തിയ നാല് നാമനിര്‍ദേശം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേ തുടരാന്‍ കോടതി ഉത്തരവിട്ടത്.

കഴിഞ്ഞ 13 നായിരുന്നു ഗവര്‍ണറുടെ സംഘപരിവാര്‍ നിയമനങ്ങള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തത്. പട്ടികയിലെ അഭിഷേക് ഡി നായര്‍ (ഹ്യുമാനിറ്റീസ്), എസ് എല്‍ ധ്രുവിന്‍ (സയന്‍സ്), മാളവിക ഉദയന്‍ (ഫൈന്‍ ആര്‍ട്സ്), സുധി സുധന്‍ (സ്പോര്‍ട്സ്) എന്നിവരുടെ നാമനിര്‍ദേശം രണ്ടാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തത്. ഇവരില്‍ എസ് എല്‍ ധ്രുവിന്‍ മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളേജ് എബിവിപി യൂണിറ്റ് പ്രസിഡണ്ടും മറ്റു മൂന്നുപേര്‍ വിവിധ കോളേജുകളില്‍ എബിവിപി യൂണിറ്റ് കമ്മിറ്റി അംഗങ്ങളുമാണ്.

സര്‍വകലാശാല നല്‍കിയ പട്ടികയിലെ അരുണിമ അശോക് (ഹ്യുമാനിറ്റീസ്), ടി എസ് കാവ്യ (സയന്‍സ്), നന്ദകിഷോര്‍ (ഫൈന്‍ ആര്‍ട്സ്), പി എസ് അവന്ത് സെന്‍ (സ്പോര്‍ട്സ്) എന്നിവരുടെ ഹര്‍ജി പരിഗണിച്ചായിരുന്നു തീരുമാനം സ്‌റ്റേ ചെയ്തുകൊണ്ടുള്ള ജസ്റ്റിസ് ടി ആര്‍ രവിയുടെ ഉത്തരവുണ്ടായത്. മാനവിക, ശാസ്ത്ര, ധന, കായിക വിഷയങ്ങളില്‍ വിശിഷ്ട സംഭാവന നല്‍കിയ നാലുപേരെ വിദ്യാര്‍ത്ഥി മണ്ഡലത്തിലേക്ക് നാമനിര്‍ദേശം ചെയ്യാമെന്നാണ് സര്‍വകലാശാലാ നിയമം.

അതനുസരിച്ച് മികച്ചനേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളുടെ പാനല്‍ തയ്യാറാക്കി ചാന്‍സലര്‍ക്ക് കൈമാറി. ഇത് അവഗണിച്ച് ചാന്‍സലര്‍ പുതിയ ആളുകളെ നാമനിര്‍ദേശം ചെയ്തു. ഹ്യുമാനിറ്റീസിലെ നാലു റാങ്കുകാരെ മാറ്റിനിര്‍ത്തിയാണ് ആദ്യവര്‍ഷ പരീക്ഷാഫലംപോലും വരാത്ത അഭിഷേക് ഡി നായരെ ഉള്‍പ്പെടുത്തിയത്. സയന്‍സ് വിഭാഗത്തില്‍ ബിഎസ് സി മാത്തമാറ്റിക്‌സ് ഒന്നാംറാങ്കുകാരി ടി എസ് കാവ്യയെ ഒഴിവാക്കി മൂന്ന് സെമസ്റ്ററിലും ബി, സി ഗ്രേഡുകള്‍ നേടിയ എബിവിപി യൂണിറ്റ് പ്രസിഡണ്ട് എസ് എല്‍ ധ്രുവിനെ ഉള്‍പ്പെടുത്തി.

2023ലെ കലാപ്രതിഭ നന്ദകിഷോറിനെ ഒഴിവാക്കി കേരള നടനത്തില്‍ പങ്കെടുത്ത മാളവിക ഉദയനെയും വടംവലി ദേശീയ വെങ്കലമെഡല്‍ ജേതാവായ പി എസ് അവന്ത് സെന്നിനെ ഒഴിവാക്കി യോഗ്യതയില്ലാത്ത സുധി സുധനെയും ഉള്‍പ്പെടുത്തി. ചാന്‍സലര്‍, സര്‍വകലാശാല, വൈസ് ചാന്‍സലര്‍ എന്നിവരടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു .
