KOYILANDY DIARY.COM

The Perfect News Portal

ഡിജിറ്റൽ തെളിവുകൾ കൈകാര്യം ചെയ്യുന്നതിന്‌ ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

കൊച്ചി: ലൈംഗിക ഉള്ളടക്കമുള്ള ഡിജിറ്റൽ തെളിവുകൾ കൈകാര്യം ചെയ്യുന്നതിന്‌ ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിനാവശ്യമായ ചട്ടങ്ങൾ രൂപീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക്‌ കോടതി നിർദേശം നൽകി. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ്‌ വാല്യൂ മാറിയതിൽ അന്വേഷണത്തിന്‌ ഉത്തരവിട്ട വിധിന്യായത്തിലാണ്‌ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്‌. 

 ഡിജിറ്റൽ തെളിവുകൾ കസ്‌റ്റഡിയിലെടുക്കുമ്പോൾ  തെളിവുകളുടെ രഹസ്യാത്മകതയും സ്വകാര്യതയും ഉറപ്പാക്കണം. ഇത്‌ മഹസറിൽ പ്രത്യേകം രേഖപ്പെടുത്തണം. ഇത്തരത്തിലുള്ള ഡിജിറ്റൽ തെളിവുകൾ പ്രത്യേകം പൊതിഞ്ഞ്‌ സീൽ ചെയ്‌ത് സൂക്ഷിക്കണം. പാക്കറ്റിന്റെ പുറത്ത്‌ സെക്‌ഷ്വലി എക്‌സിപ്ലിസിറ്റ്‌ മെറ്റീരിയൽ (എസ്‌ഇഎം) എന്ന്‌ തിളങ്ങുന്ന ചുവന്ന മഷിയിൽ രേഖപ്പെടുത്തണം. ഇതിനായി പ്രത്യേക രജിസ്‌റ്റർ വേണം.

 

ഡിജിറ്റൽ ഉപകരണം കസ്‌റ്റഡിയിലെടുത്ത സമയം, ദിവസം, സ്ഥലം, ആരിൽനിന്ന്‌ ഏത്‌ ഉദ്യോഗസ്ഥൻ പിടിച്ചെടുത്തു, പാക്കിങ്ങിനും സീലിങ്ങിനും പങ്കെടുത്ത ഉദ്യോഗസ്ഥർ എന്നിവരുടെ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തണം. ആവശ്യമെങ്കിൽ ഇവ ലോക്കറിലാക്കി രജിസ്‌റ്ററിൽ രേഖപ്പെടുത്തണം. ഇത്തരത്തിൽ ലോക്കറിലാക്കി സൂക്ഷിക്കുന്ന തെളിവുകൾ തിരിച്ചെടുക്കാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണം. തെളിവുകൾ സീൽ ചെയ്‌ത് സൂക്ഷിക്കുന്നതിനൊപ്പം പ്രത്യേകം രജിസ്‌റ്ററിൽ രേഖപ്പെടുത്തണം.

Advertisements

 

ലൈംഗിക ഉള്ളടക്കമുള്ള ഡിജിറ്റൽ തെളിവുകള്‍ ആര്‍ക്കും നല്‍കരുത്. വ്യവസ്ഥകളോടെമാത്രമേ പ്രതികൾക്ക്‌ നൽകാവൂ. കോടതി ഉത്തരവുപ്രകാരം മാത്രമേ ദൃശ്യങ്ങള്‍ പരിശോധിക്കാവൂ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷം തെളിവുകള്‍ നശിപ്പിക്കാം. നശിപ്പിച്ചതിന്റെ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കണം. ഉത്തരവിന്റെ പകർപ്പ്‌ ചീഫ്‌ സെക്രട്ടറി, സംസ്ഥാന പൊലീസ്‌ മേധാവി, ജില്ലാ ജഡ്‌ജിമാർ എന്നിവർക്ക്‌ നൽകാൻ രജിസ്‌ട്രിയോട്‌ നിർദേശിച്ചു. മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ സഹായിച്ച പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അഡ്വ. ടി എ ഷാജി, ഹർജിക്കാരിയുടെ അഭിഭാഷകനായ അഡ്വ. ഗൗരവ്‌ അഗർവാർ എന്നിവരെ കോടതി പ്രശംസിച്ചു.

Share news