ഗവര്‍ണര്‍ കഥയുണ്ടാക്കി ഹീറോയാകാന്‍ ശ്രമിക്കുന്നു; മന്ത്രി എ കെ ശശീന്ദ്രന്
തിരുവനന്തപുരം: ഗവര്‍ണര്‍ കഥയുണ്ടാക്കി ഹീറോയാകാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രന്. അദ്ദേഹം പദവിക്കനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധത്തിനോട് പ്രോട്ടോകോള്‍ ലംഘിച്ച് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍ എന്നും അദ്ദേഹം വിമര്‍ശിച്ചു.

ബഹുമാനപ്പെട്ട ഒരു പദവി വഹിക്കുന്നയാളാണ് ഗവര്‍ണര്‍. എന്നാല്‍ പദവിക്ക് നിരക്കാത്ത പ്രവര്‍ത്തികളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. കേരളത്തിന്റെ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ സാധിച്ചുകൊടുത്തും അവരെ പിന്തുണച്ചും നിലകൊള്ളുന്നയാളാണ് ഗവര്‍ണര്‍. വിദ്യാര്‍ത്ഥികളുമായി ഒരു ചര്‍ച്ചയ്ക്ക് ഇന്നുവരെ ഗവര്‍ണര്‍ തയാറായിട്ടില്ല.

ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാനാണ് അദ്ദേഹം കുറച്ചുനാളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അത് കേരളത്തില്‍ നടക്കുമെന്ന ചിന്ത വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ പദവിയുടെ മാന്യത കളയുകയാണ്. ഷൂ ഏറ് പോലെയുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത് തീര്‍ത്തും അപഹാസ്യമാണ്. ഇവര്‍ രണ്ടുപേരും സ്വന്തം പദവിയുടെ അന്തസ് കെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.

