KOYILANDY DIARY.COM

The Perfect News Portal

സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുക എന്നുള്ളതാണ് സര്‍ക്കാരിന്റെ നയം; മന്ത്രി വീണാ ജോര്‍ജ്

സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുക എന്നുള്ളതാണ് സര്‍ക്കാരിന്റെ നയമെന്ന് മന്ത്രി വീണാ ജോര്‍ജ്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമസാധുത പരിശോധിച്ച് നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു. സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും. പുതിയ സിനിമാനയം സര്‍ക്കാര്‍ ഉറപ്പായും തയ്യാറാക്കും. ഏതൊക്കെ സ്ഥലത്താണോ സിനിമാ ഷൂട്ടിംഗ് നടക്കുന്നത് അതെല്ലാം നിയമപരിധിയില്‍ കൊണ്ടുവരും.

ഹേമ കമ്മിറ്റി വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടും അതീവ ഗൗരവമുള്ളതാണ്. മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷാ സിനിമകളിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ നിലനില്‍ക്കുന്നു എന്നാണ് കേള്‍ക്കുന്നത്. ഒരു മാറ്റത്തിനാണ് കേരളം തുടക്കമിടുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ഡബ്ല്യൂ.സി.സി യുടെ പ്രവര്‍ത്തനം ഒരുപാട് സഹായകരമായി. ലിംഗഭേധമന്യേ എല്ലാ താരങ്ങളുടെയും പിന്തുണ ഒരു മാറ്റത്തിനു വേണ്ടി ലഭിക്കുന്നുണ്ട്. വലിയ മാറ്റത്തിനുള്ള ഒരു അടിസ്ഥാനമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്നും മന്ത്രി പറഞ്ഞു.

 

സ്ത്രീകള്‍ക്ക് സുരക്ഷിതമായി തൊഴില്‍ ചെയ്യുന്നതിനുള്ള ഇടമാകണം സിനിമ മേഖല. ക്യാമറയ്ക്ക് പിന്നിലും സ്ത്രീ പ്രാതിനിധ്യമുണ്ട്. ക്യാമറയ്ക്ക് പുറകില്‍ വനിതാ ടെക്‌നീഷ്യന്മാരും സിനിമയിലേക്ക് കടന്നു വരേണ്ടതുണ്ട്. പതിറ്റാണ്ടുകളായി സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധമായ കാര്യങ്ങള്‍ തിരുത്തപ്പെടണം. ഇതിനായി എല്ലാവരും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. സിനിമ മേഖലയില്‍ ഒരു മാറ്റം ഉണ്ടായേ പറ്റുകയുള്ളൂ. 

Advertisements

 

ഈ ലക്ഷ്യത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം പരാമര്‍ശങ്ങള്‍ നടത്തുന്നത്. സിനിമ മേഖലയിലെ യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന്റെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും. സഹികെട്ട് ഒരു സിനിമാതാരം സിനിമ മേഖല വിട്ടുപോയി എന്ന് പറയുന്നത് കേട്ടു എന്നും പ്രതിഭാധനരായ ആളുകള്‍ക്ക് സ്ത്രീ പുരുഷ ഭേദമെന്യേ ഭയമില്ലാതെ സിനിമയില്‍ ജോലിചെയ്യാന്‍ പറ്റണമെന്നും മന്ത്രി പറഞ്ഞു. മലയാള സിനിമ മറ്റ് ഭാഷ സിനിമകള്‍ക്ക് മാതൃകയാകണം. സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധത അവസാനിപ്പിച്ചേ പറ്റൂ. നിശബ്ദരായി നില്‍ക്കുന്ന ഒരു വിഭാഗത്തെ ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Share news