KOYILANDY DIARY.COM

The Perfect News Portal

‘നെല്ല് സംഭരണത്തിന്റെ കുടിശിക പൂര്‍ണമായും നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം’: മന്ത്രി ജി ആര്‍ അനില്‍

നെല്ല് സംഭരണത്തിന്റെ കുടിശിക പൂര്‍ണമായും നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി കൈക്കൊണ്ടുവെന്നും മന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ വ്യക്തമാക്കി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിയമസഭാംഗം അനൂപ് ജേക്കബ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

 

നൂറു കിലോ നെല്ലിന് 68 കിലോ അരി സര്‍ക്കാറിന് കര്‍ഷകര്‍ നല്‍കണം. ഗുണമേന്മ ഉറപ്പാക്കിയാണ് സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നത്. 2.8 ലക്ഷം ടണ്‍ നെല്ല് നടപ്പ് വര്‍ഷം സംഭരിച്ചു. ചുവപ്പും വെള്ളയും അരി ഇടകലര്‍ന്നു വരുമ്പോള്‍ സംഭരിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുന്നു. ചര്‍ച്ചകള്‍ നടത്തിയാണ് ഈ വിഷയത്തിന് പരിഹാരം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാടശേഖരവുമായി ബന്ധപ്പെട്ട ഉയരുന്ന വിഷയങ്ങളില്‍ അതാത് സമയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ട്.

 

നെല്ല് സംഭരണത്തിന്റെ കുടിശികയില്‍ ഡിസംബര്‍ വരെയുള്ള തുക ബാങ്കില്‍ നല്‍കിയിട്ടുണ്ട്. പരമാവധി വേഗതയില്‍ കുടിശ്ശിക നല്‍കുകയാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരണം സര്‍ക്കാര്‍ വലിയതോതില്‍ വൈകിപ്പിച്ചു എന്ന അനൂപ് ജേക്കബിന്റെ ആരോപണം മന്ത്രി തള്ളിക്കളഞ്ഞു. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ് അംഗം പറയുന്നതെന്നും സഭയെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Advertisements

 

കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കൊപ്പം എന്നും നിന്നത് ഇടതുപക്ഷ സര്‍ക്കാര്‍ മാത്രമാണ്. കര്‍ഷകര്‍ക്ക് പണം നല്‍കുന്നില്ല എന്ന പ്രസംഗം പ്രതിപക്ഷം തുടങ്ങിയിട്ട് എത്ര വര്‍ഷമായെന്നും അദ്ദേഹം ചോദിച്ചു. എല്ലാ കണക്കുകളും സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഭരണ വര്‍ഷം ഫെബ്രുവരി വരെയുള്ള തുക നല്‍കിയിട്ടുണ്ട്.

 

2000 കൂടെ രൂപ വായ്പയെടുത്താണ് കര്‍ഷകര്‍ മോശം അവസ്ഥയിലേക്ക് പോകാതിരിക്കാന്‍ ഇടപെടല്‍ നടത്തിയത്. നെല്ല് സംരക്ഷണത്തില്‍ ഇന്ത്യയ്ക്ക് മാതൃകയാകുന്ന നിലപാടാണ് കേരളം സ്വീകരിക്കുന്നത്. 1232 കോടിയാണ് കേന്ദ്രം നല്‍കാന്‍ ഉള്ളത്. ഇതൊന്നും പ്രതിപക്ഷം കാണുന്നില്ല. കഴിഞ്ഞ ദിവസം നിലവില്‍ ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ കൂടി പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share news