KOYILANDY DIARY.COM

The Perfect News Portal

വിവാഹം രജിസ്റ്റര്‍ ചെയ്യാൻ ജാതിയോ മതമോ പരിശോധിക്കരുതെന്ന നിർദേശവുമായി സർക്കാർ

വിവാഹം രജിസ്റ്റര്‍ ചെയ്യാൻ ജാതിയോ മതമോ പരിശോധിക്കരുതെന്ന നിർദേശവുമായി സർക്കാർ. ദമ്പതികളുടെ മതമോ ജാതിയോ ഏതാണെന്നു തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാര്‍ പരിശോധിക്കേണ്ടതില്ലെന്നും തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

വധൂവരന്മാര്‍ നല്‍കുന്ന മെമ്മോറാണ്ടത്തില്‍ ദമ്പതികളുടെ ജാതിയോ മതമോ രേഖപ്പെടുത്തേണ്ടതില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. മെമ്മോറാണ്ടത്തോടൊപ്പം പ്രായം തെളിയിക്കാൻ നല്‍കുന്നതിനുള്ള രേഖകള്‍, വിവാഹം നടന്നുവെന്നു തെളിയിക്കാൻ നല്‍കുന്ന സാക്ഷ്യപത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മറ്റു വ്യവസ്ഥകള്‍ പാലിച്ച്‌ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കണം. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സർക്കുലറിലുണ്ട്.

വ്യത്യസ്ത മതക്കാരായ ദമ്പതികളുടെ വിവാഹം കൊച്ചി കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്യാത്തതു സംബന്ധിച്ച കേസിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശം. മാതാപിതാക്കള്‍ രണ്ട് മതത്തിലുള്ളവരാണ് എന്ന് പറഞ്ഞാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്യാൻ മതം നോക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

Advertisements
Share news